ബെംഗളൂരു: കർണാടകത്തിൽ ടിപ്പു സുൽത്താന്റെ പേരിൽ വിവാദങ്ങൾ കൊഴുക്കുമ്പോൾ പ്രതികരണവുമായി ടിപ്പുവിന്റെ അനന്തരാവകാശികൾ രംഗത്ത്.
രാഷ്ട്രീയ നേട്ടങ്ങൾക്കോ വിവാദങ്ങൾക്കോ ടിപ്പു സുൽത്താന്റെ പേര് ഉപയോഗിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് ടിപ്പുവിന്റെ ഏഴാം തലമുറയിൽപെട്ട സാഹേബ് സാദാ മൻസൂർ അലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കർണാടകത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് ടിപ്പു സുൽത്താന്റെ പേര് എന്നും വിവാദ വിഷയമാണ്.
ഏറ്റവുമൊടുവിൽ ഇത്തവണ തെരഞ്ഞെടുപ്പ് ടിപ്പുവിന്റെയും സവർക്കറുടെയും ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാകുമെന്ന് പറഞ്ഞത് ബിജെപി സംസ്ഥാനാധ്യക്ഷൻ നളിൻ കട്ടീലാണ്.
ഒരു പടി കൂടി കടന്ന് ടിപ്പുവിന്റെ ആരാധകരെ അടിച്ചോടിക്കണമെന്നും കട്ടീൽ പറഞ്ഞു. ഇത്തരം പ്രസ്താവനകളിൽ മനംമടുത്തെന്നാണ് ടിപ്പു സുൽത്താന്റെ കുടുംബം പറയുന്നത്.
“ടിപ്പുവിനെ പാഠപുസ്തകത്തിൽനിന്ന് നീക്കി, ടിപ്പു ജയന്തി വേണ്ടെന്ന് വച്ചു, ടിപ്പു എക്സ്പ്രസിന്റെ പേര് മാറ്റി, പ്രതിരോധത്തിലാകുമ്പോഴാണ് സർക്കാർ ടിപ്പു സുൽത്താന്റെ പേര് ഉയർത്തിക്കൊണ്ടുവരിക.
ഇത് ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ട്’- ടിപ്പുവിന്റെ കുടുംബം പറയുന്നു.