പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെ എസ് ആർ ടി സി യിൽ ടയർ ക്ഷാമം. ടയറില്ലാത്തത് കൊണ്ട് ഡോക്കിൽ കിടക്കുന്ന ബസുകൾ നിരത്തിലിറക്കാൻ കഴിയുന്നില്ല. പുതിയ ടയർ വാങ്ങുന്നതിന് പകരം പരമാവധി ടയറുകൾ റീ ട്രെഡ് ചെയ്ത് ഉപയോഗിക്കാനാണ് നീക്കം.
റീട്രെഡ് ടയറുകളുടെ ഉല്പാദനം പരമാവധി വർധിപ്പിക്കണമെന്ന് ആലുവ ,എടപ്പാൾ റീജിണൽ വർക്ക് ഷോപ്പുകൾക്കും പാപ്പനംകോട് സെൻട്രൽ വർക്സിനും നിർദ്ദേശം നല്കിയിട്ടുണ്ട്.
ഡോക്കുകളിൽ കിടക്കുന്ന 1300 ഓളം ബസുകൾ നിരത്തിലിറക്കാൻ ശ്രമിച്ചപ്പോഴാണ് രൂക്ഷമായ ടയർ ക്ഷാമത്തെക്കുറിച്ച് അധികൃതർക്ക് ബോധ്യം വന്നത്.
ടയറിന്റെ തകരാർ മൂലം ബസുകൾ സർവീസിനിടയ്ക്ക് വഴിയിൽ വീഴുന്നത് വർദ്ധിച്ചു വരികയുമാണ്. ഓഫ് റോഡ് അഞ്ചു ശതമാനമായി കുറയ്ക്കാനുള്ള തീരുമാനം നിലനില്ക്കുമ്പോഴാണ് ടയർ പഞ്ചറായി സർവീസ് ബസുകൾ വഴിയിൽ വിഴുന്നതിന്റെ എണ്ണം വർധിച്ചു വരുന്നത്. റീ ട്രെഡ് ടയറുകളുടെ ഉല്പാദനവർദ്ധനവിലൂടെ ഈ പ്രശ്നം പരിഹരിക്കാനാണ് ശ്രമം.
ടയർ റീട്രെഡ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് സി എൽ ആർ വിഭാഗത്തിൽപ്പെടുന്ന തൊഴിലാളികളാണ്. ഇവരുടെ പ്രതിദിന വേതനം 480 രൂപയായിരുന്നു.
റീ ട്രെഡ് ടയറുകൾക്ക് ക്ഷാമം നേരിടുകയും, ഉല്പാദനം പരമാവധി വർദ്ധിപ്പിക്കേണ്ട സാഹചര്യവുമായപ്പോൾ ഇവരുടെ പ്രതിദിന വേതനം വർദ്ധിപ്പിച്ചിട്ടുണ്ട്.
715 രൂപയായാണ് പ്രതിദിന വേതനം വർധിപ്പിച്ചിരിക്കുന്നത്. മേയ് ഒന്നു മുതൽ പുതിയ വേതനം പ്രാബല്യത്തിലാക്കി കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിട്ടുണ്ട്.