അജിത് ടോം
ടാറ്റയ്ക്ക് സമീപകാലങ്ങളിൽ ഏറെ കുതിപ്പു നല്‍കിയത് പുതുതായി ഇറങ്ങിയ മോഡലുകളാണ്. സെസ്റ്റ് മുതൽ ഹെക്സ വരെ ഈ നിര നീളുന്നു. ഇതിൽ ഏറെ ജനപ്രീതി ആകർഷിച്ചത് ടാറ്റയുടെ ഹാച്ച്ബാക്ക് മോഡലായ തിയാഗോ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച തിയാഗോ ഓട്ടോമാറ്റിക് മോഡൽ പുറത്തിറക്കി മുന്നോട്ട് കുതിക്കുകയാണ്.
പുറംമോടി: ടാറ്റയുടെ സ്ഥിരം രൂപകല്പനയിൽനിന്നു വേറിട്ടു നിൽക്കുന്ന ഡിസൈനിംഗാണ് അടുത്തിടെ പുറത്തിറക്കിയ മോഡലുകളിലെല്ലാം പരീക്ഷിച്ചിരിക്കുന്നത്. അതിൽതന്നെ തിയാഗോ കൂടുതൽ മനോഹരമാണ്. ക്രോമിന്റെ സാന്നിധ്യം വളരെ കുറച്ചാണ് മുൻഭാഗത്തിന്റെ രൂപകല്പന. ബോഡികളറുകൾക്കൊപ്പം ബ്ലാക്ക് ഫിനിഷിംഗ് ഗ്രില്ലും എയർഡാമുകളും തിയാഗോയുടെ സൗന്ദര്യം വർധിപ്പിക്കുന്നുണ്ട്. ഉള്ളിൽ ബ്ലാക്ക് ഷേഡ് നല്‍കിയിരിക്കുന്ന വലിയ ഹെഡ്ലൈറ്റുകളും ആകർഷകമാണ്.
ഫോർഡ് ഫിഗോയുമായി നേരിയ സാമ്യം തോന്നിക്കുന്ന രീതിയിലാണ് വശങ്ങളുടെ ഡിസൈൻ. ഡോറുകളിലെ ലൈനുകളും വീൽ ആർച്ചും ബ്ലാക്ക് ഫിനീഷിംഗ് ബി പില്ലറുകൾക്കുമൊപ്പം ഡുവൽ ടോണ്‍ റിയർവ്യൂ മിററും വശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുന്നുണ്ട്. ടാറ്റയുടെ പതിവ് രൂപകല്പനയിൽനിന്നു മാറി പുതുതായി നിർമിച്ച 14 ഇഞ്ച് അലോയിയാണ് മറ്റൊരു ആകർഷണം.
ഡുവൽ ടോണ്‍ ബന്പർ, സ്പോയിലർ എന്നിവ പിൻഭാഗത്തെ ആകർഷകമാക്കുന്നു. സ്പോയിലറിന്റെ ഇരുവശങ്ങളിലും ബന്പറിന്റെ മധ്യഭാഗത്തുമാണ് കറുപ്പു നിറം നല്‍കിയിരിക്കുന്നത്. ബോഡിയിലേക്ക് കൂടുതൽ കയറി നിൽക്കുന്ന ടെയിൽ ലാംപും ആകർഷകമാണ്.
ഉൾവശം: കറുപ്പിന്റെ മനോഹാരിത വാരിവിതറിയ ഇന്റീരിയറാണ് തിയാഗോയ്ക്ക്. എന്നാൽ, ഡാഷ്ബോർഡിൽ കറുപ്പു നിറത്തിനൊപ്പം ചാരനിറവും സംയോജിപ്പിച്ചിരിക്കുന്നു. വുഡൻ ഫിനിഷിംഗിലുള്ള എസി വെന്റുകളും സ്റ്റോറേജ് സ്പേസുള്ള വലിയ ഡാഷ്ബോർഡും പിയാനോ ബ്ലാക്ക് സെന്റർ കണ്‍സോളുമാണ് ഇന്റീരിയറിന്റെ ശ്രദ്ധാകേന്ദ്രം.
മ്യൂസിക് സിസ്റ്റം, ക്ലൈമറ്റ് കണ്ട്രോൾ യൂണിറ്റ് എന്നിവ മാത്രമാണ് സെന്റർ കണ്‍സോളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഡിവിഡി, യുഎസ്ബി, ബ്ലൂടൂത്ത്, ഓക്സിലറി എന്നിവ കണക്ട് ചെയ്യാൻ സാധിക്കുന്ന സിസ്റ്റമാണത്.
സോഫ്ട് ടച്ച് സ്റ്റീയറിംഗ് വീലുകളിൽ മ്യൂസിക് സിസ്റ്റം, മൊബൈൽ എന്നിവ നിയന്ത്രിക്കാനുള്ള സ്വിച്ചുകളുണ്ട്. മീറ്റർ കൺസോളിൽ രണ്ട് അനലോഗ് മീറ്ററും ഒരു ഡിജിറ്റൽ മീറ്ററും.
അഞ്ചു പേർക്കു സുഖമായി യാത്രചെയ്യാൻ സാധിക്കുന്ന സീറ്റുകൾക്കൊപ്പം വിശാലമായ ലെഗ് റൂമും ഇതിൽ നല്‍കിയിട്ടുണ്ട്. സീറ്റുകൾ ഫാബ്രിക് ഫിനീഷിംഗിലുള്ളതാണ്.
സുരക്ഷ: എയർബാഗ്, സെന്റർ ലോക്കിംഗ്, എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് തിയാഗോയുടെ എഎംടി മോഡലും പുറത്തിറക്കിയിരിക്കുന്നത്.
എൻജിൻ: 1.2 ലിറ്റർ മൂന്ന് സിലിണ്ടർ റെവടോണ് പെട്രോൾ എൻജിനിലാണ് പുതിയ എഎംടി ഗിയർബോക്സ് നല്കി ഇറക്കിയിരിക്കുന്നത്. 1199 സിസി എൻജിൻ 6000 ആർപിഎമ്മിൽ 85 പിഎസ് പവറും 3500 ആർപിഎമ്മിൽ 114 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. കൂടുതൽ ഇന്ധനക്ഷമത ഉറപ്പു വരുത്തുന്നതിനായി ഇക്കോ, സിറ്റി എന്നീ ഡ്രൈവ് മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മൈലേജ്: എക്സ് ഇസഡ് വേരിയന്റിൽ അവതരിപ്പിച്ചിരിക്കുന്ന തിയാഗോ എഎംടിക്ക് 23.84 കിലോമീറ്റർ മൈലേജ് കന്പനി അവകാശപ്പെടുന്നു.
വില: 5.6 ലക്ഷം രൂപ.
ടെസ്റ്റ് ഡ്രൈവ്: എംകെ മോട്ടോഴ്സ്, കോട്ടയം. മൊബൈൽ: 7034884447