ന്യൂഡൽഹി: ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും ഭരണഘടനാ കോടതികൾ ഇടപെടില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ക്ഷേത്രങ്ങളിലെ ദൈനംദിന പ്രവർത്തികളായ പൂജകളിലും എങ്ങനെ തേങ്ങയുടയ്ക്കണം എന്നതിലും ഇടപെടാനാകില്ല. ഭരണഘടനാ കോടതികൾക്ക് ഇക്കാര്യം പറയാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
അതേസമയം, ക്ഷേത്രങ്ങളിലെ ഭരണപരമായ വിഷയങ്ങളിൽ കോടതിക്ക് ഇടപെടാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളിലെ ക്രമക്കേടുകളിലും ദര്‍ശനം തടയുന്നത് പോലുള്ള വിവേചനങ്ങളിലും ഇടപെടാമെന്നാണ് അദ്ദേഹം അറിയിച്ചത്.