ആന്ധ്രയിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ ലഡു വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കി. ലഡു കരിഞ്ചന്തയിൽ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതരുടെ നടപടി.
ചില ഇടനിലക്കാർ കരിഞ്ചന്തയിൽ ലഡു വിൽക്കുന്നതു തടയാനും വിതരണ പ്രക്രിയയിൽ സുതാര്യത വർധിപ്പിക്കാനുമാണ് നടപടി ലക്ഷ്യമിടുന്നതെന്ന് ടിടിഡി അഡീഷണൽ എക്സിക്യൂട്ടീവ് ഓഫീസർ സി വെങ്കയ്യ ചൗധരി പറഞ്ഞു. ഭക്തരുടെ താൽപര്യങ്ങൾ മുൻനിർത്തിയാണ് തീരുമാനമെന്നും ചൗധരി വ്യക്തമാക്കി.
ലഡു വിതരണത്തിന് 48 മുതൽ 62 വരെ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ദർശന ടോക്കണുകളോ ടിക്കറ്റുകളോ ഉള്ള ഭക്തർക്ക് ഒരു സൗജന്യ ലഡു ലഭിക്കുന്നതിന് പുറമെ അധിക ലഡു വാങ്ങുന്നതു തുടരാമെന്നും അദ്ദേഹം പറഞ്ഞു. ടോക്കണുകൾ ഇല്ലാത്ത ഭക്തർക്ക് വേണ്ടിയാണ് ആധാർ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.