സ്വന്തം ലേഖകൻ
തൃശൂർ: അവിനാശി അപകടത്തിൽ കണ്ടൈനർ ലോറി ഓടിച്ചിരുന്നത് ഡ്രൈവർ ഹേമരാജ് തന്നെയാണോ എന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ.
ഹേമരാജല്ല മറിച്ച് ലോറിയിലുണ്ടായിരുന്ന സഹായിയാണ് വണ്ടി ഓടിച്ചിരുന്നതെന്നാണ് തമിഴ്നാട്ടിൽ പ്രചരിക്കുന്നത്.
എന്നാൽ താനാണ് ലോറി ഓടിച്ചതെന്ന് സമ്മതിച്ച് ഹേമരാജ് പോലീസിൽ കീഴടങ്ങിയിട്ടുണ്ട്. അഭ്യൂഹം വന്ന പശ്ചാത്തലത്തിൽ ഇതെക്കുറിച്ച് തമിഴ്നാട് പോലീസ് വിശദമായി അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ലോറിയിൽ ഹേമരാജ് മാത്രമേയുണ്ടായിരുന്നുള്ളുവെന്നാണ് പോലീസിന്റെ നിഗമനം. ലോറി കടന്നുവന്ന വഴികളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്താൻ തമിഴ്നാട് പോലീസ് നടപടികളാരംഭിച്ചിട്ടുണ്ട്.
സഹായിയാണ് വണ്ടി ഓടിച്ചതെന്ന അഭ്യൂഹത്തെക്കുറിച്ച് കേട്ടിരുന്നുവെന്നും ചിലർ നേരിട്ട് ഇക്കാര്യം തന്നോട് ചോദിച്ചെന്നും എന്നാൽ പോലീസാണ് ഇതെക്കുറിച്ച് വ്യക്തമായ അഭിപ്രായം പറയേണ്ടതെന്നും പാലക്കാട് എൻഫോഴ്സ്മെന്റ് ആർടിഒ പി.ശിവകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.