തിരുവനന്തപുരം: കോയന്പത്തൂരിന് സമീപം അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികൾക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. (ഫോണ്: 9497996977, 9497990090, 9497962891).
പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള കേരളാ പോലീസിന്റെ സംഘം ഇപ്പോൾ അവിനാശിയിൽ ക്യാന്പ് ചെയ്യുന്നു.
അപകടത്തിൽ മരണമടഞ്ഞവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കുന്നതിനും മൃതശരീരങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജീകരണങ്ങൾ ഏർപ്പെടുത്താൻ നടപടിസ്വീകരിക്കുമെന്ന് തമിഴ്നാട് ഡി ജി പിയും കോയന്പത്തൂർ സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിക്ക് ഉറപ്പ് നൽകി.
അപകടവിവരം അറിഞ്ഞയുടൻതന്നെ സംസ്ഥാന പോലീസ് മേധാവി തമിഴ്നാട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണിൽ സംസാരിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നു. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ സംസ്ഥാന പോലീസ് മേധാവി അനുശോചനം അറിയിച്ചു
ഹെൽപ് ലൈൻ നന്പറിൽ വിളിക്കാം; 9495099910
കോയന്പത്തൂർ: കോയന്പത്തൂരിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിലുള്ളവരുടെ വിവരങ്ങൾ അറിയാൻ 9495099910 എന്ന ഹെൽലൈൻ നന്പറിൽ വിളിക്കാം. സംഭവ സ്ഥലത്തുള്ള പാലക്കാട് എടിഒയുടെ നന്പറാണിത്.
അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
തിരുവനന്തപുരം: തമിഴ്നാട് തിരുപ്പൂരിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് യാത്രക്കാർ മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി എംഡിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. 19 പേർ മരണമടയുകയും 25 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.