തിരുവനന്തപുരം: അവിനാശി അപകടത്തിന്റെ പൂർണ ഉത്തരവാദിത്വം ലോറി ഡ്രൈവർക്കെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. അപകട കാരണം ടയർ പൊട്ടിയല്ലെന്ന് വ്യക്തമായിട്ടുണ്ട്. ടയർ പൊട്ടിയാണ് അപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമമുണ്ടായെന്നും മന്ത്രി പറഞ്ഞു.
കണ്ടയ്നർ ലോറികളുടെ ഓട്ടം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും. ചൊവ്വാഴ്ച റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരും. തമിഴ്നാടിന്റെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കണ്ടെയ്നർ ലോറി ഡ്രൈവർ ഹേമരാജിനെതിരേ പോലീസ് കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നടപടി. ഹേമരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്നും പോലീസ് അറിയിച്ചു. ഹേമരാജ് അപകടത്തിന് പിന്നാലെ പോലീസിൽ കീഴടങ്ങിയിരുന്നു.
കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ദേശീയപാതയുടെ മീഡിയനിലൂടെ 50 മീറ്റർ സഞ്ചരിച്ച ശേഷമാണ് എതിർ ദിശയിൽ വന്ന ബസിലിടിച്ചതെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.