ചെന്നൈ: കൊറോണ വൈറസ് ബാധമൂലം പ്രതിസന്ധിയിലായ തിരുപ്പൂര്‍ വസ്ത്ര വ്യവസായം കൂടുതല്‍ ഗുരുതരമയ അവസ്ഥയിലേക്ക്. ലോകത്തെ സര്‍വ മേഖലകളേയും കോവിഡ് പിടിച്ചുകുലുക്കിയെങ്കിലും ദക്ഷിണേന്ത്യയിലെ വസ്ത്ര നിര്‍മാണ തലസ്ഥാനമായ തമിഴ്നാട്ടിലെ തിരുപ്പൂരില്‍ പ്രത്യേക അനുമതിയോടെ ചില യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
മാസ്കിന് ഇന്ത്യയില്‍ തന്നെ ആവശ്യം വളരെ അധികമായതോടെ ആഭ്യന്തര ഉപയോഗത്തിനുവേണ്ടി മാസ്ക് നിര്‍മാണം മാത്രമാണ് നടന്നു വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അടച്ചിടല്‍ വ്യവസ്ഥകളില്‍ കാര്യമായ മാറ്റം വന്നതോടെ കൂടുതല്‍ യൂണിറ്റുകള്‍ തുറക്കാമെന്നായെങ്കിലും തൊഴിലാളികളുടെ രൂക്ഷ ക്ഷാമം പ്രശ്നം ഗുരുതരമാക്കുന്നു.
ആകെ പത്തുലക്ഷത്തോളം തൊഴിലാളികളാണ് തിരുപ്പൂരില്‍ വസ്ത്രനിര്‍മാണ മേഖലയിലുള്ളത്. പതിനായിരത്തോളം വസ്ത്രനിര്‍മാണ അനുബന്ധ യൂണിറ്റുകളും ഇവിടെയുണ്ട്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ വളരെ കുറഞ്ഞതോടെ തുറന്ന പല കമ്പനികളും 20 മുതല്‍ 25 ശതമാനം വരെ തൊഴിലാളികളുമായാണ് പ്രവര്‍ത്തിക്കുന്നത്.
തിരുപ്പൂരില്‍ തൊഴിലാളികളില്‍ പകുതിയിലധികവും അന്യസംസ്ഥാനക്കാരാണ്. അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് അവധിക്ക് പോയവരില്‍ ആര്‍ക്കും തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ല. ലോക്ക്ഡൗണ്‍ വളരെ പെട്ടെന്നായിരുന്നതിനാല്‍ മിച്ചമുള്ള അന്യസംസ്ഥാനക്കാര്‍ക്ക് പോകാനും കഴിഞ്ഞിരുന്നില്ല.
ഭക്ഷണം എത്തിച്ചു നല്‍കിയും അര ഷിഫ്റ്റിലും മറ്റും കമ്പനികള്‍ പ്രവര്ത്തിച്ചുമൊക്കെയാണ് ഇവരെ കമ്പനി ഉടമകള്‍ സംരക്ഷിച്ചു വന്നിരുന്നത്. എന്നാല്‍ തൊഴിലാളികള്‍ ഇപ്പോള്‍ നാട്ടിലേക്ക് പോകാന്‍ തിരക്കുകൂട്ടിക്കാണ്ടിരിക്കുകയണ്.
ഇതിനിടെ ട്രെയിനുകള്‍ ഓടാന്‍ തുടങ്ങിയതോടെ നല്ല ശതമാനം തൊഴിലാളികള്‍ നാട്ടിലേക്ക് പോകുകയും ചെയ്തു. ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയ 1100 റെഡിമെയ്ഡ് വസ്ത്ര നിര്‍മാണ കമ്പനികള്‍ തദ്ദേശീയരായ ജോലിക്കാരെ വച്ചാണ് പ്രവര്‍ത്തിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍നിന്നും ഓഡര്‍ ലഭിച്ചുതുടങ്ങിയതിനാല്‍ അതിനനുസരിച്ചുള്ള സാമ്പിളുകള്‍ അയച്ചുകൊടുക്കുന്ന തിരക്കിലാണ് അവര്‍. ഇതിനിടെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ സതേണ്‍ ഇന്ത്യന്‍ മില്‍സ് അസോസിയേഷന്(എസ്ഐഎംഎ) തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വടക്ക് കിഴക്കന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അടക്കമുള്ളവര്‍ക്ക് കത്തെഴുതി കാത്തിരിക്കുകയാണ്.
ആയിരക്കണക്കിന് തൊഴിലാളികളെയാണ് ഇപ്പോള്‍ ഇങ്ങോട്ട് ആവശ്യമുള്ളത്. കഴിഞ്ഞയിടെ ത്രിപുരയില്‍നിന്ന് 1,600 പേരെ റിക്രൂട്ടുചെയ്തിരുന്നു.ബീഹാര്‍,ഒറീസ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവിടുത്തെ അതിഥി തൊഴിലാളികളില്‍ ഏറെയും.
26000 കോടി രൂപയുടെ കയറ്റുമതിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം തിരിപ്പൂരില്‍ നിന്ന് നടന്നത്. ആഭ്യന്തര വിപണിയില്‍ 20,000 കോടി രൂപയുടെ വില്‍പ്പനയും നടന്നു.