രാജകുമാരി(ഇടുക്കി): ദൗത്യസേനയുടെ നേതൃത്വത്തില്‍ ചിന്നക്കനാലില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി തുടരുന്നു. വന്‍കിട കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. മുൻ ഡിജിപി ടോമിന് ജെ തച്ചങ്കരിയുടെ സഹോദരന് ടിസന് തച്ചങ്കരി കൈവശപ്പെടുത്തിയിരുന്ന ഭൂമിയാണ് ഇന്നു രാവിലെ ഒഴിപ്പിച്ചു തുടങ്ങിയത്. 7.07 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക.
ടിസന് തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള മൂന്നാര്‍ കാറ്ററിംഗ് കോളജിന്റെ ഹോസ്റ്റല്‍ ഇരിക്കുന്ന കെട്ടിടവും ഇതോടൊപ്പം ഏറ്റെടുക്കും. ജില്ലയിലെ വന്‍കിട കൈയേറ്റങ്ങളില്‍ ഒന്നാണിത്. ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കൈയേറ്റം ഒഴിപ്പിക്കുന്നത്.
റവന്യൂ സംഘത്തിന്റെ നേതൃത്വത്തില്‍ ഭൂസംരക്ഷണസേനയുടെയും പോലീസിന്റെയും സഹായത്തോടെയാണ് പ്രദേശത്ത് ഒഴിപ്പിക്കല്‍ നടപടി തുടരുന്നത്. ജനപ്രതിനിധികളെയും മാധ്യമങ്ങളെയും ഒഴിപ്പിക്കല്‍ നടക്കുന്ന മേഖലയിലേക്ക് കടത്തി വിടുന്നില്ല.
കഴിഞ്ഞ വ്യാഴാഴ്ച ചിന്നക്കനാലില്‍ ടിജോ ആനിക്കത്തോട്ടം എന്ന വ്യക്തിയുടെ കൈവശം ഉണ്ടായിരുന്ന അഞ്ചര ഏക്കര്‍ ഭൂമിയും ശനിയാഴ്ച ചിന്നക്കനാല്‍ സിമന്റ് പാലത്ത് ഒറ്റപ്ലാക്കല്‍ ജോസ് എന്നയാളുടെ കൈവശത്തിലിരുന്ന 2.20 ഏക്കര്‍ ഭൂമിയിലെ കൈയേറ്റവും ദൗത്യസംഘം ഒഴിപ്പിച്ചിരുന്നു.
ദൗത്യസംഘം ചെറുകിട കൈയേറ്റങ്ങള്‍ മാത്രമാണ് ഒഴിപ്പിക്കുന്നതെന്ന ആക്ഷപം ശക്തമായതിനിടെയാണ് ഇന്ന് വന്‍കിട കൈയേറ്റങ്ങളില്‍ ഒന്ന് ഒഴിപ്പിച്ചത്. എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചിരുന്നു.