എന്തിനാണ് ഈ സ്ത്രീകള്‍ ഹോട്ടല്‍ മുറികളിലേയ്ക്ക് പോവുന്നത്? ഒരാളെ കിട്ടിയില്ലെങ്കില്‍ വേറൊരാള്‍ എന്നാണ് പുരുഷന്മാര്‍ ചിന്തിക്കുന്നത്; ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണം സ്ത്രീകളാണെന്ന് ബോളിവുഡ് താരം ടിസ്‌ക ചൊപ്ര

സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇപ്പോള്‍ രാജ്യം മുന്നോട്ടുപോവുന്നത്. സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണത്തിന് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊടുത്ത മീ റ്റൂ കാമ്പയിനിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ബോളിവുഡിലെയും ഹോളിവുഡിലെയും അടക്കമുള്ള സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ചൂഷണങ്ങളുടെ അനുഭവങ്ങള്‍ വ്യക്തമാക്കികൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈയവസരത്തിലാണ് സ്ത്രീകള്‍ക്കെതിരെ അരങ്ങേറുന്ന എല്ലാ അതിക്രമങ്ങള്‍ക്കും കാരണമാവുന്നത് സ്ത്രീകള്‍ തന്നെയാണെന്ന് വ്യക്തമാക്കി ബോളിവുഡ് താരം ടിസ്‌ക ചൊപ്ര രംഗത്തെത്തിയത്.

ദി പ്രിന്റ് എന്ന വെബ്സൈറ്റിലായിരുന്നു ടിസ്‌ക്കയുടെ വിവാദമായ അഭിപ്രായ പ്രകടനം. ഇപ്പോഴത്തെ ഈ പ്രശ്നങ്ങള്‍ക്ക് കാരണക്കാര്‍ സ്ത്രീകള്‍ തന്നെയാണ്. അവര്‍ എന്തിന് ഹോട്ടലുകളില്‍ പോകുന്നു. എന്തുകൊണ്ടാണ് അവര്‍ സ്വയരക്ഷയെക്കുറിച്ച് ചിന്തിക്കാത്തത്. മോശപ്പെട്ട ആളുകളുമായി സഹകരിക്കുന്നത് എന്തിനാണ്. അവസരങ്ങളുടെ വാതില്‍ പുരുഷന്മാര്‍ക്ക് മുന്നില്‍ കൊട്ടിയടയ്ക്കുന്ന മട്ടില്‍ വേണം സ്ത്രീകള്‍ ഇല്ല എന്നു പറയാന്‍. ഒരാളെ കിട്ടിയില്ലെങ്കില്‍ മറ്റൊരാളെ തരപ്പെടുത്താമെന്ന് അവര്‍ക്ക് തോന്നരുത്, എന്നൊക്കെയാണ് ടിസ്‌ക പറഞ്ഞത്. കാസ്റ്റിംഗ് കൗച്ച്’എന്ന സിനിമാലോകത്തെ കിടക്ക പങ്കിടല്‍ ക്ഷണത്തില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് താനെന്ന് വെളിപ്പെടുത്തിയ നടിയാണ് ടിസ്‌ക. മമ്മൂട്ടിക്കൊപ്പം മായാബസാറിലും ആസിഫ് അലിക്കൊപ്പം നിര്‍ണായകത്തിലും അഭിനയിച്ചതിനാല്‍ ഈ താരം മലയാളികള്‍ക്കിടയിലും സുപരിചിതയാണ്. എന്നാല്‍, ഈ വിവാദ അഭിപ്രായ പ്രകടനത്തെ തുടര്‍ന്ന് വന്‍ ആക്രമണമാണ് ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ടിസ്‌കയ്ക്കെതിരെ നടക്കുന്നത്.

ടിസ്‌കയുടെ വിവാദമായ പ്രസ്താവന ഇങ്ങനെ…

എന്നില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യമാണോ ഞാന്‍ പറയാന്‍ പോകുന്നതെന്ന് ഉറപ്പില്ല. വളരെ സ്പഷ്ടമായി തന്നെ പറയട്ടെ… ഇത്തരം അവസരങ്ങളില്‍ ചെന്നു പെടുന്ന സ്ത്രീകളെ തന്നെയാണ് ഇക്കാര്യത്തിന് പഴിക്കേണ്ടത്. എന്തിനാണ് ഈ സ്ത്രീകള്‍ ഹോട്ടല്‍ മുറികളിലേയ്ക്ക് പോകുന്നത്. അവര്‍ക്ക് സ്വന്തം സുരക്ഷയെക്കുറിച്ച് ഭയമില്ലേ? ആളുകളുടെ ഖ്യാതിയെക്കുറിച്ച് അവര്‍ക്ക് അറിവില്ലേ? ഇത്തരക്കാരുമായി സഹകരിക്കുന്നത് എന്തിനാണ്.

എന്തുകൊണ്ടാണ് അവര്‍ ഉറപ്പിച്ച് ഇല്ല എന്നു പറയാത്തത്. ഇങ്ങനെയുള്ള ഒരാളിന്റെ ഒപ്പം എന്തിനാണ് തനിച്ച് പോകുന്നത്. സ്വയം സംരക്ഷിക്കാന്‍ കഴിവുള്ളവരായാണ് എല്ലാ മനുഷ്യരും സൃഷ്ടിക്കപ്പെടുന്നത്. സ്വയം രക്ഷയാണ് ഒരു മനുഷ്യന്റെ ഏറ്റവും സ്വാഭാവികമായ ശേഷി. പിന്നെങ്ങനെയാണ് അവര്‍ക്ക് ആ ശേഷി നഷ്ടമാകുന്നത്. ഇതില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്ന് അവര്‍ എങ്ങനെയോ ധരിച്ചുപോകുന്നു. ഇങ്ങനെയുള്ള ആളുകള്‍ക്കൊപ്പം ഇത്തരം സാഹചര്യങ്ങളില്‍ ചെന്നു പെടുന്നത് എന്തിനാണ്.

ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഒരൊറ്റ കാര്യമാണ്. ആദ്യം നമ്മള്‍ നമ്മളെ തന്നെ സംരക്ഷിക്കണം. ഇത്തരം ഒരു സാഹചര്യത്തില്‍ സ്വയം ചെന്നു പെടരുത്. സ്ത്രീകള്‍ ഇല്ല എന്ന് പറയുംതോറും കാര്യങ്ങള്‍ നടക്കില്ലെന്ന് പുരുഷന്മാര്‍ക്ക് ബോധ്യം വരും. ഒരു പെണ്ണില്‍ നിന്ന് സമ്മതം ലഭിച്ചുതുടങ്ങില്‍ ഒരാളില്‍ നിന്നല്ലെങ്കില്‍ മറ്റൊരാളില്‍ നിന്ന് ഇത് ലഭിക്കുമെന്ന പ്രതീക്ഷ ആണുങ്ങള്‍ക്കുണ്ടാകും. ഞാന്‍ അവളെ എടുത്തോളാം, ഇവളെ എടുത്തോളാം എന്നൊരു പ്രതീക്ഷയും അവര്‍ക്കുണ്ടാവും. ആണുങ്ങള്‍ക്ക് ഇങ്ങനെ തിരഞ്ഞെടുക്കാനുള്ള ഒരു അവസരം ഉണ്ടാക്കരുത്. ഒന്നും നടക്കില്ലെന്ന ഉത്തമ ബോധ്യം അവര്‍ക്കുണ്ടാവണം.

മുപ്പത് കൊല്ലം കൊണ്ട് ഒരാള്‍ ഒരു വേട്ടക്കാരനാവുന്നതാണ് ഹോളിവുഡില്‍ നമ്മള്‍ കണ്ടത്. ആളുകള്‍ ചാന്‍സ് തരൂ എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതെങ്ങനെ അപകടകരമാകും. എല്ലാം നിങ്ങള്‍ ഇല്ല എന്ന് പറയുന്ന രീതിയെ ആശ്രയിച്ചാണിരിക്കുന്നത്. നിങ്ങളോട് ചോദിക്കാന്‍ അനുവദിക്കുന്നതിനുള്ള സാഹചര്യം പോലും ഇല്ലാതാക്കുന്ന തരത്തിലായിരിക്കണം നിങ്ങള്‍ ഇല്ല എന്നു പറയുന്നത്.

നിങ്ങളുടെ കരിയറിനെ ഒരു തുലാസിലാക്കാന്‍ അനുവദിക്കരുത്. കഠിനാധ്വാനം നടത്തി അഭിനയിക്കുക. നല്ലൊരു കരിയര്‍ പടുത്തുയര്‍ത്താന്‍ കുറച്ച് അധികം സമയമെടുത്താലും സാരമില്ല. കുറുക്കുവഴിയെടുക്കരുത്.

 

Related posts