ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേയ്ക്ക് പോയ വിനോദസഞ്ചാര പേടകം ‘ടൈറ്റൻ’ അപകടത്തിൽപെട്ടത് നാടിനെ നടുക്കിയ ദുരന്തമായിരുന്നു. 2023 ജൂൺ മാസത്തിലായിരുന്നു ടെെറ്റൻ അപകടത്തിൽ പെട്ടത്.
ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാൻഡിംഗ്, ബ്രിട്ടീഷ്- പാകിസ്ഥാനി വ്യവസായി ഷെഹ്സാദ ദാവൂദ്, മകൻ സുലെമാൻ, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻ ഉടമ സ്റ്റോക്ടൻ റഷ്, മുങ്ങൽ വിദഗ്ധൻ പോൾ ഹെന്റി എന്നി അഞ്ച് യാത്രികരാണ് ദുരന്തത്തിന് ഇരയായത്.
ഇപ്പോഴിതാ ടെെറ്റൻ ദുരന്തം സിനിമയാകുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ടൈറ്റൻ ദുരന്തം സിനിമയാകുന്നതായി അറിയിച്ചിരിക്കുകയാണ് പ്രമുഖ ഹോളിവുഡ് നിർമ്മാണ കമ്പനിയായ മൈൻഡ്റിയോട്ട്. ‘സാൽവേജ്ഡ്’ എന്നാണ് ചിത്രത്തിന്റെ പേര്.
ഇബ്രയാൻ ഡബ്ബിൻസാണ് ചിത്രത്തിന്റെ സഹനിർമാതാവ്. ജസ്റ്റിൻ മഗ്രേഗർ, ജോനാഥൻ കേസി എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. എന്നാൽ ഈ ചിത്രം ജെയിംസ് കാമറൂൺ സിനിമയ്ക്ക് പ്രമേയമാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നെങ്കിലും സംവിധായകൻ അത് നിരസിച്ചു.