ഒരു നൂറ്റാണ്ടു മുന്പ് മഞ്ഞുമലയിലിടിച്ചു മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അതേ മാതൃകയിൽ മറ്റൊന്നു നിർമിക്കുന്നു. ടൈറ്റാനിക് രണ്ട് എന്നു പേരിട്ടിരിക്കുന്ന കപ്പൽ 2020ൽ കന്നിയാത്ര നടത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ടൈറ്റാനിക് രണ്ടിന്റെ നിർമാണം ചൈനയിലാണു നടക്കുന്നത്. ഓസ്ട്രേലിയൻ കന്പനിയായ ബ്ലൂ സ്റ്റാർ ലൈൻ ആണ് ഓർഡർ നല്കിയിരിക്കുന്നത്.
നീറ്റിലിറക്കുന്പോൾ അന്നത്തെ ഏറ്റവും വലിയ യാത്രാക്കപ്പലായിരുന്നു ആദ്യ ടൈറ്റാനിക്. 1912 ഏപ്രിൽ പത്തിനാണ് കന്നിയാത്ര തുടങ്ങിയത്. ഇംഗ്ലണ്ടിലെ സതാംപ്ടണിൽനിന്ന് ന്യൂയോർക്കിലേക്ക് യാത്രതിരിച്ച കപ്പൽ അഞ്ചാംദിനം മുങ്ങി. 1500ലധികം പേർ മരിച്ചു.
വീണ്ടുമൊരു മഞ്ഞുമല ദുരന്തം ഒഴിവാക്കാനായി ആധുനിക റഡാർ, സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകുമെന്നതൊഴിച്ചാൽ പുതിയ കപ്പലിന് പഴയതിൽനിന്നു കാര്യമായ വ്യത്യാസം ഉണ്ടാവില്ല. കാബിനുകളുടെ ഡിസൈൻ അടക്കം പഴയ കപ്പലിന്റേതാണ്. ആദ്യ കപ്പലിലുണ്ടായിരുന്നത് 2400 യാത്രക്കാരും 900 ജോലിക്കാരുമായിരുന്നു. ഇത്രയും പേർ രണ്ടാം കപ്പലിലുമുണ്ടാകും.
ടിക്കറ്റ് ക്ലാസുകൾ പോലും സമാനമാണ്. കന്നിയാത്രയും സതാംപ്ടണിൽനിന്ന് ന്യൂയോർക്കിലേക്കായിരിക്കും. 50 കോടി ഡോളറാണ് പുതിയ കപ്പലിന്റെ നിർമാണച്ചെലവ്.