കൊച്ചി: നിരവധി മോഷണക്കേസുകളിൽ പ്രതിയായ ടൈറ്റാനിക് ബിജുവിനെ പിടികൂടിയത് പോലീസിന്റെ സാഹസിക നീക്കത്തിലൂടെ. ട്രെയിനിലെത്തി മോഷണം നടത്തി മടങ്ങുന്ന പ്രതിയുടെ നീക്കങ്ങൾ വ്യക്തമാക്കി മനസിലാക്കിയാണു പോലീസ് രംഗത്തിറങ്ങിയത്.
സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്നതിനായി വേഗത കുറയ്ക്കുന്പോൾ ഇയാൾ ചാടി ഇറങ്ങാറാണ് പതിവ്. പ്രതിയുടെ ഈ രീതി മനസിലാക്കി സെൻട്രൽ പോലീസ് നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചുറ്റും വളഞ്ഞ പോലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
കാരിക്കാമുറി ഭാഗത്തു നിന്നു ബൈക്കുകളും സൈക്കിളുകളും മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സിസിടിവി പരിശോധനയിൽ ബിജുവിനെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
എറണാകുളം കോണ്‍വെന്റ് ലൈനിലെ ഒരുവീട്ടിൽ നിന്നു വിലകൂടിയ ചെരിപ്പും ഷൂസും ഇയാൾ മോഷ്ടിച്ചിരുന്നു. കൊല്ലത്തുനിന്ന് രാത്രി ട്രെയിനിൽ എറണാകുളത്തെത്തിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. എറണാകുളം എസിപി കെ. ലാൽജിയുടെ നിർദേശ പ്രകാരം സെൻട്രൽ സിഐ എ. അനന്തലാൽ, എസ്ഐമാരായ ജോസഫ് സാജൻ, സുനുമോൻ, വിപിൻകുമാർ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.