കം ബാക് ജാക്… കം ബാക്… 20 വർഷങ്ങൾക്ക് മുമ്പ് തിയേറ്ററിലിരുന്ന് എല്ലാവരും ഒരു പോലെ പറഞ്ഞു കം ബാക് ജാക്ക് കം ബാക്… പ്രേമിക്കുന്നവരും മനസിൽ പ്രേമം ഒളിപ്പിച്ചവരുമെല്ലാം ഒരു പക്ഷേ ജാക് തിരികെ വരാൻ ആഗ്രച്ചിരുന്നിരിക്കാം.
കോച്ചുന്ന തണുപ്പിൽ അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ ആഴങ്ങളിലേക്ക് താണുപോയപ്പോൾ തന്‍റെ പ്രാണേശ്വരി ഇടറുന്ന സ്വരത്തിൽ വിളിച്ച ആ വാക്ക് ഇന്നും ഒരുചോദ്യചിഹ്നമായി തുടരുന്നു. നായികയെ സുരക്ഷിതമായി ആ വാതിലിൽ കയറ്റി കിടത്തിയ ശേഷം നായകൻ കൊടും തണുപ്പിൽ ആ വാതിലിൽ തുങ്ങി കിടക്കുന്നതിന് പകരം ആ വാതിൽപ്പലകയിൽ ഒരൽപം ഇടമില്ലായിരുന്നോ?
സംവിധായകൻ ജയിംസ് കാമറൂണിന്‍റെ ടൈറ്റാനിക് ഇറങ്ങി 20 വർഷം പിന്നിടുമ്പോൾ ജാക്കെന്ന കഥാപാത്രമായി അഭിനയിച്ച ലിയനാഡോ ഡി കാപ്രിയോ മുങ്ങിമരിച്ചതിനെ ക്കുറിച്ച് ഒന്നും പറയാതെ വഴുതി മാറി.
കഴിഞ്ഞ ദിവസം എംടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറയാതെ തന്ത്രപൂർവം മിണ്ടാതിരുന്നത്. എന്നാൽ റോസായി അഭിനയിച്ച കേറ്റ് വിൻസ്‌ലറ്റ് വർഷങ്ങൾക്ക് മുമ്പേ ജാക്ക് മരണത്തിലേക്ക് ആണ്ടുപോകേണ്ടതില്ലെന്ന് പറഞ്ഞിരുന്നു.
നായകൻ ജാക്കിന്‍റെ മരണം കലാപരമാണെന്നും മരപ്പലകയിൽ രണ്ടുപേർക്ക് ഇടമുണ്ടായിരുന്നോ എന്ന വിശകലനത്തിന് അവിടെ സ്ഥാനമില്ലെന്നാണ് സംവിധായകൻ കാമറൂണിന്‍റെ അഭിപ്രായം.