ലോകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നതാണ് ടൈറ്റാനിക്ക്. ടൈറ്റാനിക് എന്ന ഹോളിവുഡ് ചിത്രത്തിലൂടെയാണ് ഈ അപകടത്തിന്റെ ഭീകരമായ വ്യാപ്തി എല്ലാവരും മനസിലാക്കിയത്. ഇപ്പോൾ ടൈറ്റാനിക്ക് എന്ന പേര് വീണ്ടും വാർത്തകളിൽ നിറയുകയാണ്.
കാരണം ഓട്ടിസം ബാധിച്ച ബ്രിഞ്ജർ കാൾ എന്ന കുട്ടി കളിപ്പാട്ടം ഉപയോഗിച്ച് നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ ടൈറ്റാനിക് അമേരിക്കയിലെ യുഎസ് മ്യൂസിയത്തിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്.
ആദ്യം 56,000 പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളാണ് ബ്രിഞ്ജർ എട്ടുമീറ്റർ നീളമുള്ള തന്റെ കപ്പൽ നിർമിക്കുവാനായി ഉപയോഗിച്ചത്. എന്നാൽ നിർമാണം തുടർന്നുകൊണ്ടിരിക്കെ ടൈറ്റാനിക്കിന്റെ മുൻഭാഗം തകർന്നതിനെ തുടർന്ന് വീണ്ടും കളിപ്പാട്ടം വാങ്ങേണ്ടതായി വന്നു.
അങ്ങനെ മൊത്തം 65,000കളിപ്പാട്ടങ്ങളാണ് തന്റെ ലക്ഷ്യം പൂർത്തികരിക്കുവാനായി പതിനഞ്ചുകാരനായ ബ്രിഞ്ജറിനു വേണ്ടിവന്നത്.
ഇതിനു മുന്പ് ഐസ്ലൻഡ്, സ്വീഡൻ, നോർവേ, ജർമനി എന്നിവിടങ്ങളിൽ ബ്രിഞ്ജറിന്റെ ടൈറ്റാനിക് പ്രദർശിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അമേരിക്കയിലെ ടെന്നിസിയിലെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുവാനുള്ള തയാറെടുപ്പിലാണ് ബ്രിഞ്ജർ.