തിരുവനന്തപുരം: 66 കോടി രൂപയുടെ അഴിമതി ആരോപണമുയർന്ന ടൈറ്റാനിയം കേസ് അന്വേഷണം സിബിഐക്കു വിട്ടു. സംസ്ഥാന സർക്കാരാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവർ കേസിൽ ആരോപണ വിധേയരാണ്.
ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള 256 കോടിയുടെ കരാറിൽ 66 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്. 2006-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണു പദ്ധതിക്ക് അനുമതി നൽകിയത്. പ്ലാന്റിന്റെ നിർമാണത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനു മെക്കോണ്‍ കന്പനി വഴി ഫിൻലൻഡിലെ കന്പനിക്കാണു കരാർ നൽകിയിരുന്നത്. ഇതിൽ അഴിമതി നടന്നെന്നാണ് ആരോപണം.
ടാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് 15.50 കോടി രൂപ നഷ്ടത്തിലായിരിക്കേയാണു പ്രതിവർഷം 45 കോടി പ്രവർത്തനച്ചെലവു വരുന്ന മെക്കോണ്‍ കന്പനിയുടെ മലിനീകരണ നിയന്ത്രണ പദ്ധതിക്കു ഡയറക്ടർബോർഡ് അനുമതി നൽകിയത്.