ഫ്ളാഷ് ബാക്കുകൾ ചിലപ്പോഴൊക്കെ അപകടകാരികളാകാറുണ്ട്… പക്ഷേ, അത് ഒരു സിനിമയുടെ മുഴുവൻ താളം തെറ്റിക്കുമെന്ന് “ടിയാൻ’ തെളിയിച്ചു. എന്തിനാണ് ഇത്രമാത്രം കടിച്ചാൽ പൊട്ടാത്ത ഡയലോഗുകൾ തിരുകിക്കയറ്റിയതെന്നു തിരക്കഥാകൃത്ത് മുരളി ഗോപി തന്നെയാണ് പറയേണ്ടത്. ഇതൊരു സീരിയസ് പടമല്ലേ അപ്പോൾ പിന്നെ ആൾക്കാർക്ക് പെട്ടെന്ന് കാര്യങ്ങളൊന്നും മനസിലാകരുതല്ലോ എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. ലളിതമായി പറയാവുന്ന കാര്യങ്ങളെ വളച്ചൊടിച്ച് മതവും ജാതിയുമെല്ലാം തിരുകിക്കയറ്റി ഊതി വീർപ്പിച്ച് എന്തോ വലിയ സംഭവമാണെന്ന് തോന്നിപ്പിക്കാനുള്ള ശ്രമമാണ് ആകെ മൊത്തം പൊട്ടി പാളീസായി പോയത്.
വിഷയങ്ങളുടെ ധാരാളിത്തമാണ് ടിയാനെ സാധാരണ പ്രേക്ഷകരിൽ നിന്നും അകറ്റി നിർത്തുന്നത്. ദൈവം, മേൽജാതി കീഴ്ജാതി, സംസ്കൃതത്തിന്റെ പ്രാധാന്യം, ഇസ്ലാം മതത്തിന്റെ മഹത്വം… ചിത്രത്തിൽ കടന്നു വരുന്ന വിഷയങ്ങളുടെ കണക്കെടുത്താൽ എണ്ണിയാൽ ഒടുങ്ങില്ല. എന്തിനാണ് ഇത്രയധികം വിഷയങ്ങൾ ഇതിൽ തിരുകി പിടിപ്പിച്ചത്. അല്പം റിലാക്സേഷനു വേണ്ടി സിനിമ കാണാൻ വരുന്നവർ ഇതൊക്കെ കണ്ട് ഭ്രാന്തായി പോകത്തെയുള്ളു. അല്ലായെങ്കിൽ, പൈസ കൊടുത്തു പോയില്ലേ, കണ്ടു തീർക്കണം എന്ന മട്ടിൽ മൂന്നു മണിക്കൂറിനടുത്ത് തള്ളിവിടും. ഗതികേട് എന്നല്ലാതെ എന്തു പറയാൻ.
ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും പോലുള്ള മികച്ച നടന്മാരെ കടുകട്ടി ഡയലോഗുകൾ പറയിപ്പിച്ച് നാടക നടന്മാരാക്കി മാറ്റുകയാണ് ടിയാൻ. പിന്നെ മുരളി ഗോപി, തിരക്കഥ സ്വന്തമായതിനാൽ അതിലെ പ്രധാന വേഷങ്ങളിലൊന്ന് താൻ തന്നെ ചെയ്യുന്നതാണല്ലോ അതിന്റെ ശരി. മൊട്ടയടിച്ച് വില്ലനായി… ഞാനാണ്, ഞാൻ തന്നെയാണ് വില്ലനെന്ന രീതിയിൽ കണ്ണുകൾ കൊണ്ട് എന്തൊക്കയോ കാട്ടി ഇന്ദ്രജിത്തിനും പൃഥ്വിക്കും ഒപ്പം നാടക ഡയലോഗുകൾ തട്ടിവിടുകയാണ് കക്ഷി.
ഓവർ ബിൽഡപ്പാണ് ടിയാന് തിരിച്ചടിയായത്. ചിത്രം അങ്ങ് ഉത്തരേന്ത്യയിലാണ്. അപ്പോൾ പിന്നെ “ഗോമാംസം’ മാർക്കറ്റിംഗിന് പറ്റിയ വിഷയങ്ങളാണല്ലോ. ആവശ്യാനുസരണം ചിത്രത്തിൽ അത് തിരുകിക്കയറ്റിയിട്ടുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരിൽ അവിടുത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ആദ്യപകുതി ചർച്ച ചെയ്യുന്നത്. പിന്നെ, പതിയെ ആൾദൈവങ്ങളിലേക്കും അവരുടെ ഗുണ്ടായസത്തിലേക്കും വഴിമാറുന്നു. പിടിച്ച് നിൽപ്പിനായുള്ള പോരാട്ടമാണ് ചുരുക്കത്തിൽ പറഞ്ഞാൽ ടിയാൻ. പട്ടാഭിരാമനെന്ന സംസ്കൃത പണ്ഡിതനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്. “കട്ട സീരിയസ്നെസ്’ സംവിധായകൻ ജിയെൻ കൃഷ്ണകുമാർ ഇത്തരമൊരു നിർദ്ദേശമാണ് പട്ടാഭിരാമന് നൽകിയതെന്ന് ചിത്രം കണ്ടാൽ തോന്നു.
അസ്ലൻ മുഹമ്മദായാണ് നായകൻ പൃഥ്വിരാജിന്റെ വരവ്. ഒന്നാം പകുതിയേക്കാൾ സ്ക്രീൻ സ്പേസ് പൃഥ്വിക്ക് രണ്ടാംപകുതിയിലാണ് നൽകിയിരിക്കുന്നത്. ചിത്രത്തിൽ ഷൈൻ ചെയ്യാൻ അവസരം കിട്ടിയപ്പോഴൊക്കെ ഓവറാക്കി കുളമാക്കുകയാണ് അസ്ലൻ മുഹമ്മദ് ചെയ്തത്. അധോലോക ഗെറ്റപ്പിലുള്ള ഒന്നൊന്നര ഫ്ളാഷ് ബാക്ക് ചിത്രത്തെ വല്ലാണ്ട് ഉലച്ചു കളഞ്ഞു. ഷൈൻ ടോം ചാക്കോ പഞ്ചുള്ള ഡയലോഗുകൾ പതിഞ്ഞ ശബ്ദത്തിൽ പുറപ്പെടുവിച്ച് നല്ല രീതിയിൽ വെറുപ്പിച്ചു. വലിയ ബിൽഡപ്പുകളില്ലാതെയുള്ള സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനമാണ് ചിത്രത്തിൽ ആശ്വാസമാകുന്ന ഏക ഘടകം.
ഉത്തരേന്ത്യയുടെയും മുംബൈയിലേയും കാഴ്ചകൾ മികവോടെ തന്നെ പകർത്തിയ ഛായാഗ്രാഹകൻ സതീഷ് കുറുപ്പ് കൈയടി അർഹിക്കുന്നുണ്ട്. കാരണം, അദ്ദേഹം ഒപ്പിയെടുത്ത കാഴ്ചകളില്ലായിരുന്നുവെങ്കിൽ മൂന്ന് മണിക്കൂർ തള്ളിവിടാൻ പ്രേക്ഷകർ നന്നേ പാടുപെട്ടേനെ. പത്മപ്രിയക്കും അനന്യക്കും കിട്ടിയ കുഞ്ഞ് റോളുകൾ അവർ തരക്കേടില്ലാതെ ചെയ്തിട്ടുണ്ട്. സ്ത്രീ സാന്നിധ്യത്തിന്റെ കുറവ് അറിയിക്കാതിരിക്കാൻ നാട്ടുകാർക്കിടയിലും വിശ്വാസികൾക്കിടയിലും അവരെ യഥാക്രമം കുത്തിത്തിരികിയിട്ടുണ്ട്.
കോടികൾ മുതൽ മുടക്കുള്ള ചിത്രത്തിൽ പശ്ചാത്തല സംഗീതത്തിനൊന്നും ഒരു കുറവുമില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്കെല്ലാം ആവശ്യാനുസരണത്തിനുള്ള ബിജിഎമ്മും സെറ്റപ്പുമെല്ലാം ഗോപി സുന്ദർ ചെയ്തിട്ടുണ്ട്. രണ്ടാം പകുതിയിൽ പറയാനുള്ളതെല്ലാം പറഞ്ഞ് തീർത്ത് കൂട്ടിമുട്ടിക്കാനുള്ളതെല്ലാം കൂട്ടിമുട്ടിച്ച് കഴിയുമ്പോൾ പ്രേക്ഷകർ ഒരുപരുവത്തിലാകുമെന്നുമാത്രം.
(ഇനിയും ഇത്തരത്തിലുള്ള സാഹസങ്ങൾക്ക് മുരളി ഗോപി തുനിയുമോ എന്തോ…)
വി. ശ്രീകാന്ത്