കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന് ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ കുറ്റക്കാരെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി.
നാലാം പ്രതി ഷഫീഖ് ഉള്‍പ്പെടെ നാലുപേരെ വെറുതെ വിട്ടു. മുഖ്യപ്രതി നാസറിനെതിരേ ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞു. കേസില്‍ ഏഴു പേരാണ് കുറ്റക്കാര്‍.
കേസിലെ രണ്ടാംഘട്ട വിധിയാണ് ഇന്ന് 11.30 ഓടെ പ്രഖ്യാപിച്ചത്. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്ന് എന്‍ഐഎ കോടതി പ്രസ്താവിച്ചു.
കൊച്ചി എന്‍ഐഎ കോടതി ജഡ്ജി അനില്‍ കെ. ഭാസ്ക്കറാണ് വിധി പ്രഖ്യാപിച്ചത്. ആദ്യ ഘട്ട വിചാരണ പൂര്‍ത്തിയാക്കി കൊച്ചിയിലെ എന്‍ഐഎ കോടതി 2015 ഏപ്രില്‍ 30ന് വിധിപറഞ്ഞു.
31 പ്രതികളില്‍ 13 പേരെ ശിക്ഷിച്ചു. 18 പേരെ വിട്ടയച്ചു. ഇതിനു ശേഷം കേസില്‍ പിടികൂടിയ പതിനൊന്നു പേരുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.
കേസില്‍ ഒന്നാം പ്രതി എറണാകുളം ഓടയ്ക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ചിരുന്നു.
തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ പ്രഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.
ഇപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.