കോഴഞ്ചേരി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും നിയന്ത്രണങ്ങൾക്ക് പുല്ലുവില നൽകി ടികെ റോഡിൽ വഴിയോര വ്യാപാരം തകൃതിയിൽ. ഭക്ഷണസാധനങ്ങളുടെ വില്പനശാലകളിലാണ ്സാമൂഹിക അകലം പോലും ലംഘിച്ച് ആൾക്കൂട്ടം.
ബിരിയാണി മുതൽ ഉഴുന്നുവട വരെ കച്ചവടങ്ങളുടെ പൊടിപൂരമാണ് നടക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾക്ക് വിപരീതമായിട്ടാണ് ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ചെറുകിട കാറ്ററിംഗ് ഉടമസ്ഥർ സാധനങ്ങൾ ഉത്പാദിപ്പിച്ച് വില്ക്കുന്നത്.
ഇതിനോടൊപ്പം മത്സ്യം മുതൽ പച്ചക്കറി, പഴങ്ങൾ എന്നിവയുടെ വില്പനയും നടക്കുന്നുണ്ട്. വ്യാപാരശാലകളിൽ സാമൂഹിക അകലം പാലിക്കാൻ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കപ്പെടുന്പോഴാണ് വഴിയോരങ്ങളിലെ ആൾക്കൂട്ടവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വ്യാപാരവും പൊടിപൊടിക്കുന്നത്.
ഭക്ഷണശാലകളിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ ലംഘിച്ചു പലയിടത്തും ആളുകൾ തിങ്ങിക്കൂടുന്നതും ഭക്ഷണം വിളന്പുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടും നടപടികളുണ്ടാകുന്നില്ല. കോവിഡ് നിയന്ത്രണങ്ങളിൽ പോലീസുൾപ്പെടെ പലപ്പോഴും നിയമലംഘനങ്ങളിൽ കണ്ണടയ്ക്കുന്നത് ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാക്കുമെന്നാണ് ആശങ്ക.
കോഴഞ്ചേരി ടൗണിലും പരിസരപ്രദേശങ്ങളിലും ഭക്ഷണശാലകളിലെ തിരക്ക് എല്ലാദിവസവും കൂടി വരുന്പോൾ നിയന്ത്രണങ്ങളും ലംഘിക്കപ്പെടുന്നു.