പത്തനംതിട്ട: ബിഎം ബിസി നിലവാരത്തിൽ പൂർത്തീകരിച്ച ടികെ റോഡിന്റെ ഭാഗമായ പത്തനംതിട്ട ടൗൺ പ്രദേശത്തു റോഡുകൾ പൊട്ടിപ്പൊളിഞ്ഞു. ടികെ റോഡ് വികസന പദ്ധതിയിലുൾപ്പെടുത്തി പത്തനംതിട്ട നഗരത്തിലും റോഡ് റീടാർ ചെയ്തത് നാലുവർഷം മുന്പാണ്.
നിർമാണ കരാർ കാലാവധി പോലും തികയുന്നതിനു മുന്പേ റോഡ് തകർന്നു. ടികെ റോഡ് വികസന പദ്ധതിയിൽ ആദ്യം ഉൾപ്പെടാതിരുന്ന ടൗൺ ഭാഗത്തിനായി പ്രത്യേക ഫണ്ട് വകയിരുത്തിയിരുന്നു. നിർമാണത്തിനുശേഷം കുഴിയടയ്ക്കൽ പ്രക്രിയ പലതവണ നടത്തി. ഇത്തവണ റോഡ് പൂർണമായി കുഴികൾ രൂപപ്പെട്ടതോടെ അപകടങ്ങളും പതിയിരിക്കുന്നു.
കളക്ടറേറ്റ് മുതൽ കണ്ണങ്കര വരെയാണ് പ്രധാന പാതയിൽ നിറയെ കുഴികൾ രൂപപ്പെട്ടത്. ജനറൽ ആശുപത്രിപ്പടി മുതൽ സെൻട്രൽ ജംഗ്ഷൻ വരെ മഴക്കാലത്തെ യാത്ര അപകടകരമാണ്. റോഡിൽ രൂപപ്പെട്ടിരിക്കുന്ന വലിയ കുഴികളിൽ വെള്ളം കെട്ടി കിടക്കുന്നതും മഴവെള്ളം ഒലിച്ച് റോഡ് നിറയുന്നതുമാണ് പ്രധാന പ്രശ്നം. ഇതോടൊപ്പം കുഴി അടയ്ക്കൽ പ്രഹസനത്തിന്റെ ഭാഗമായി മെറ്റൽ കൊണ്ടിട്ടതോടെ ഇത് റോഡിലേക്ക് നിരന്ന് ഇരുചക്ര വാഹനയാത്രികരെ അപകടത്തിലേക്ക് തള്ളിവിടുന്നു.
റോഡിന്റെ നഗരമേഖലയിൽ നടപ്പാതകളും സുരഷിതമല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓടകൾക്ക് മുകളിലെ കോൺക്രീറ്റ് സ്ലാബുകൾ മാറ്റിയിരുന്നെങ്കിലും സങ്കേതിക മേന്മകൾ നിർമാണത്തിൽ കാണാനില്ല. കാൽ നടയാത്രക്കാർ തട്ടിവിഴുന്ന രീതിയിലാണ് പല ഭാഗത്തും സ്ലാബുകൾ ഇട്ടിരിക്കുന്നത്.