കോഴഞ്ചേരി: ടികെ റോഡിൽ കോഴഞ്ചേരി പഴയതെരുവിൽ ട്രാഫിക് ലൈറ്റ് സ്ഥാപിച്ചു. പഴയതെരുവിൽ അപകടങ്ങൾ തുടർക്കഥയായതോടെയാണ് ട്രാഫിക് ലൈറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. ആന്റോ ആന്റണി എംപിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച ഒന്പത് ലക്ഷം രൂപ വിനിയോഗിച്ചാണ് ട്രാഫിക് ലൈറ്റ ്സ്ഥാപിച്ചത്.
പഴയതെരുവിൽ ജില്ലാ വ്യവസായകേന്ദ്രം റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്താണ് അപകടം ഏറെയുണ്ടായത്. മുത്തൂറ്റ് ആശുപത്രി റോഡിൽ നിന്ന് വ്യവസായ കേന്ദ്രം റോഡിലേക്ക്് ടികെ റോഡ് മുറിച്ചുകടക്കുന്പോൾ എതിർഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഇടിച്ചാണ് അപകടങ്ങളുണ്ടായിക്കൊണ്ടിരുന്നത്. അപകടപരന്പരകളേ തുടർന്ന് പൗരസമിതി പ്രക്ഷോഭവുമായി രംഗത്തുവരികയും ജനപ്രതിനിധികൾ ഇടപെട്ട് ട്രാഫിക് ലൈറ്റ് സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
തീരുമാനം വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ലൈറ്റ് സ്ഥാപിക്കാൻ കാലതാമസമുണ്ടായി. കഴിഞ്ഞദിവസമാണ് ഇതിനുള്ള ജോലികൾ ആരംഭിച്ചത്. കെൽട്രോണിന്റെ ചുമതലയിലാണ് ജോലികൾ നടന്നത്. പഴയതെരുവിൽ പോലീസിനെ നിയോഗിച്ചായിരുന്നു ട്രാഫിക് നിയന്ത്രണം. ലൈറ്റ് വരുന്നതോടെ പോലീസിന്റെ സേവനം ഒഴിവാകും. ഇന്നലെ മുതൽ തന്നെ പോലീസ് ഒഴിവാകുകയും വാഹനങ്ങൾ ടികെ റോഡ് മുറിച്ചു കടന്ന് വ്യവസായകേന്ദ്രം റോഡിലേക്ക് പോകുകയും ചെയ്യുന്നുണ്ട്.
ട്രാഫിക് ലൈറ്റ് വരുന്നതോടെ മുത്തൂറ്റ് ആശുപത്രിപടിക്കലൂടെയുള്ള നാരങ്ങാനം റോഡിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് നേരെ ആശുപത്രി റോഡിലേക്കു പ്രവേശിക്കാനാകും. ടികെ റോഡിലും വാഹനങ്ങൾ നിർത്തിയിടേണ്ടിവരും.