ചേർത്തല: തണ്ണീർമുക്കം ബണ്ടിൽ നിന്നും കായലിൽ വീണയാളെ രക്ഷിച്ച ഓട്ടോ ഡ്രൈവറെ തണ്ണീർമുക്കം വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡ് പള്ളിപ്പറന്പിൽ ഭാസ്ക്കരന്റെ മകൻ ത്യാഗരാജി (കുഞ്ഞുമോൻ-27) നെയാണ് വികസന സമിതി ആദരിച്ചത്.
ഞായറാഴ്ച വൈകുന്നേരം കായലിൽ വീണ് മരണത്തോട് മല്ലടിച്ച് കോണ്ക്രീറ്റ് തൂണിൽ പിടിച്ചുകിടന്ന മുഹമ്മ കായിപ്പുറം മാളികവെളി അനിലി(43) നെ സാഹസികമായി ത്യാഗരാജ് രക്ഷപ്പെടുത്തിയിരുന്നു. പാലത്തിന് സമീപത്തായി ഒരു ജോടി ചെരുപ്പുകൾ കിടക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഷട്ടറിന് താഴെ തൂണിൽ പിടിച്ചു കിടന്ന അനിലിനെ കാണുന്നത്.
ഉടൻ തന്നെ ഷട്ടറിലൂടെ താഴെയ്ക്ക് ഇറങ്ങി റോപ്പ് ഉപയോഗിച്ച് അനിലിനെ ഉയർത്തി തൂണിന്റെ തിട്ടയിൽ നിർത്തി സ്പീഡ് ബോട്ടിൽ മാർക്കറ്റ് ജെട്ടിയിൽ എത്തിക്കുകയായിരുന്നു. ത്യാഗരാജിന്റെ ധീരമായ പ്രവൃത്തിയെ അനുമോദിച്ച് വിവിധ കോണുകളിൽ നിന്നും അഭിനന്ദനങ്ങൾ എത്തുന്നുണ്ട്.
തണ്ണീർമുക്കം വികസന സമിതിയുടെ നേതൃത്വത്തിൽ ചെയർമാൻ കെ.ബാബു ത്യാഗരാജിന് ആദരവ് നൽകി. സമിതി ഭാരവാഹികളായ തണ്ണീർമുക്കം ശിവശങ്കരൻ, ജി.ഗോപി, ബേബി തോമസ്, ടി.എം ശ്രീധരൻ, ഓട്ടോ ഡ്രൈവർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.