തളിപ്പറമ്പ്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കടമ്പേരി സ്വദേശികളിൽ നിന്ന് എയര്‍ ഇന്ത്യയില്‍ ജോലിവാഗ്ദാനം ചെയ്ത് മൂന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഗുരുവായൂരില്‍ അറസ്റ്റില്‍.
പാലക്കാട് മണ്ണമ്പറ്റയിലെ എന്‍.വി.പ്രശാന്തിനെയാണ്(33) തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബക്കളം കടമ്പേരിയിലെ ഉത്രം വില്ലയില്‍ എം.ജിതിന്, സുഹൃത്ത് ശ്രീഹരി പ്രേമരാജ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.
2016 ഓഗസ്റ്റ് മാസത്തിലാണ് ജിതിന് ഫേസ്ബുക്ക് വഴി പ്രശാന്തിനെ പരിചയപ്പെടുന്നത്. ഐഎഎസുകാരനാണെന്നും ചെന്നൈയില്‍ ഡെപ്യൂട്ടി കളക്ടറായി ജോലിചെയ്യുകയാണെന്നുമാണ് ജിതിനെ വിശ്വസിപ്പിച്ചത്. ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും നിരന്തരം ബന്ധപ്പെട്ട ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളായിമാറി. ഉന്നതന്മാരുമായി അടുത്ത ബന്ധമുണ്ടെന്ന് ജിതിനെ തെറ്റിദ്ധരിപ്പിച്ചാണ് എയര്‍ ഇന്ത്യയില്‍ ജോലി വാങ്ങിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയത്.
ശ്രീഹരിയില്‍ നിന്ന് 2.25 ലക്ഷവും ജിതിനോട് 1,50,399 രൂപയുമാണ് വാങ്ങിയത്. ഇരുവരും ധര്‍മ്മശാല സിൻഡിക്കേറ്റ് ബാങ്ക് വഴി പ്രശാന്തിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍ പണം വാങ്ങിയശേഷം പ്രശാന്ത് ഇരുവരുമായും ബന്ധപ്പെടാതിരുന്നതോടെ സംശയം തോന്നി ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ക്ക് ബോധ്യമായത്. നിരവധിയാളുകളെ പ്രശാന്ത് വഞ്ചിച്ചതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ബന്ധുക്കള്‍ക്ക് ഇയാളുമായി യാതൊരു ബന്ധവുമില്ലെന്നാണ് അന്വേഷണത്തില്‍ മനസിലായത്. ഇയാള്‍ ഗുരുവായൂരിലുണ്ടെന്ന് മനസിലാക്കിയാണ് തളിപ്പറമ്പ് പോലീസ് ഗുരുവായൂരില്‍ എത്തിയത്. പ്രതിയെ ഇന്ന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവരും.