മാവേലിക്കര: ദേശീയ സംഗീതോത്സവത്തിന്റെ സമാപനദിനത്തിൽ ടി.എം.കൃഷ്ണയുടെ സംഗീത കച്ചേരി മാവേലിക്കരയ്ക്ക് പുതിയ സംഗീതരുചി പകർന്നു നൽകുന്നതായി. യേശുദാസിനുശേഷം ആസ്വാദകരെ ഇത്രമേൽ പിടിച്ചിരുത്തിയ കച്ചേരി മാവേലിക്കരയിൽ നടന്നിട്ടില്ലെന്നാണ് ആസ്വാദകരുടെ പക്ഷം.
എന്നാൽ പാരന്പര്യ രീതികളെ കൃഷ്ണ തലതിരിച്ചുവെന്നും അത് സംഗീതത്തെ ഇല്ലാതാക്കുന്നതാണെന്നും ചിലർ വിമർശിച്ചു.എന്നാൽ ആസ്വാദകരേയും വിമർശകരേയും തന്റെ സ്വരമാധുരിയിൽ കൃഷ്ണ പിടിച്ചിരുത്തി. ഭൈരവി,ശങ്കരാഭരണം, കാപ്പി തുടങ്ങിയ രാഗങ്ങളാൽ ഒരുക്കിയതു ശ്രുതിവസന്തമായിരുന്നു.
സാധാരണക്കാരനെ പോലും ആകർഷിക്കാൻ തന്റെ സംഗീതത്തിനു കഴിയുമെന്നു തിങ്ങിനിറഞ്ഞ സദസിനെ മുന്നിൽ നിർത്തി കൃഷ്ണ തെളിയിക്കുകയായിരുന്നു. അക്കരൈ സ്വർണലത(വയലിൻ), പ്രവീണ് കുമാർ സ്പാർഷ്(മൃദംഗം), എൻ.ഗുരുപ്രസാദ്(ഘടം) എന്നിവർ പിന്നണിയേകി.
ഒരു രാജ്യം ഒരു ഭാഷയെന്ന ആശയം വിഡ്ഢിത്തമെന്ന് സംഗീതജ്ഞൻടി.എം കൃഷ്ണ
മാവേലിക്കര: ഒരു രാജ്യം ഒരു ഭാഷയെന്ന ആശയം വിഡ്ഢിത്തമാണെന്ന് സംഗീതജ്ഞൻ ടി.എം കൃഷ്ണ മാവേലിക്കരയിൽ പറഞ്ഞു. മാവേലിക്കരയിൽ നടക്കുന്ന ദേശീയ സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്തിയ ടി.എം കൃഷ്ണ രാഷ്ട്രദീപികയോടു സംസാരിക്കുകയായിരുന്നു.
എല്ലാ ഭാഷയെയും ബഹുമാനിക്കാൻ നാം പഠിക്കണം. കർണാടക സംഗീതത്തിൽ മാത്രം ഒതുങ്ങി നിൽക്കരുതെന്നാണ് യുവ സംഗീതജ്ഞരോട് പറയാനുള്ളത്. സംഗീതത്തിന് എല്ലാം മാറ്റിമറിക്കാനുള്ള കഴിവുണ്ട്. അതിന്േറതായ സമയം വേണമെന്നു മാത്രം.
എല്ലാ സംഗീതവും എല്ലാവർക്കും വേണ്ടിയുള്ളതാണ്. ജാതിയുടെയോ നിറത്തിന്റെയോ പേരിൽ ആരെയും മാറ്റി നിർത്തേണ്ടതില്ല. ഏറ്റവും വലിയ വെല്ലുവിളി സംസ്കാരവും സംഗീതവും ഇതര കലകളും എങ്ങനെ ഉപയോഗിക്കുന്നുവെന്നതാണ്. സംഗീതത്തിന്റെ വൈവിധ്യം ആസ്വദിക്കുക. വ്യത്യസ്ത തരം സംഗീതരൂപങ്ങൾ കൂടിച്ചേരുന്നതിന് തടസമില്ല. പക്ഷേ ബഹുമാനത്തോടെ വേണം അവയെ സമീപിക്കാൻ. അവാർഡുകൾ മനോഹരമാണ്, പക്ഷേ അപകടകരമായാണ് തനിക്ക് തോന്നിയിട്ടുള്ളമെന്ന് അദ്ദേഹം പറഞ്ഞു.