കടുത്തുരുത്തി: ദയയില്ലാതെ വീട്ടുകാർ ഉപേക്ഷിച്ച നായ്ക്കുട്ടികൾക്ക് തുണയായത് പൊതുപ്രവർത്തകൻ. മൂന്നു ദിവസം മുന്പാണ് ഒരു ബക്കറ്റിലാക്കി പഴന്തുണി പോലുമില്ലാതെ കണ്ണ് തുറക്കാത്ത അഞ്ച് നായ്കുഞ്ഞുങ്ങളെ പെരുവയിലെ ഡ്രൈവിംഗ് സ്കൂളിന്റെ ഓഫീസിനു മുന്നിൽ ആരോ കൊണ്ടു വച്ചത്. തുടർന്ന് പൊതുപ്രവർത്തകനും സിപിഐ നേതാവുമായ ടി.എം. സദൻ നായ് കുട്ടികളെ സംരക്ഷിച്ചു വരികയായിരുന്നു.
വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം ഒരു നായ് കുഞ്ഞിനെ പോലീസ് ഉദ്യോഗസ്ഥനെത്തി വളർത്തുന്നതിനായി കൊണ്ടുപോയിരുന്നു. തുടർന്നാണ് നായ് കുഞ്ഞുങ്ങളുടെ വിവരം കാണിച്ചു സദൻ ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടത്. ഇതു ശ്രദ്ധയിൽപ്പെട്ടതോടെ നായ്ക്കുട്ടികളുടെ രക്ഷയ്ക്കായി മൃഗ സ്നേഹിയായ തലയോലപ്പറന്പ് സ്വദേശി അനി ചെള്ളാങ്കലും മകൾ അംബികയും പെരുവയിലെത്തുന്നത്.
കഴിഞ്ഞ മാസം വാഹനം ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്ന് നടുവൊടിഞ്ഞ ഒരു നായ് കുഞ്ഞിനെ ചങ്ങനാശേരി ആശുപത്രിയിൽ അനിയുടെ നേതൃത്വത്തിൽ എത്തിച്ചു ചികിത്സ നൽകി വരികയാണ്. ഇപ്പോൾ ഈ നായ്ക്കുഞ്ഞു നടന്നു തുടങ്ങിയതായി അനി പറയുന്നു.
ഇത്തരത്തിൽ ലഭിക്കുന്ന നായ്ക്കുഞ്ഞുങ്ങളെ അനിയും കുടുംബവും സംരക്ഷിച്ച് സുരക്ഷിതമായ താവളം ഒരുക്കുകയാണ് ചെയ്യുന്നത്. പെരുവയിൽനിന്നു കൊണ്ട് പോയ നാലു കുഞ്ഞുങ്ങളെയും ഏറ്റെടുക്കാൻ ഇതിനോടകം ആളെത്തിയതായും അനി ചെള്ളാങ്കൽ പറഞ്ഞു.