മൈസൂരു: രാജ്യവിരുദ്ധനെന്നു സംഘപരിവാർ പ്രചാരകർ മുദ്രകുത്തിയ കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണയുടെ സംഗീതപരിപാടി മൈസൂരുവിലും സംഘടിപ്പിക്കുന്നു. 22, 23 തീയതികളിലായി കുവേംപുനഗർ ഗണഭാരതിയിലാണ് പരിപാടി നടക്കുന്നത്. മുത്തുസ്വാമി ദീക്ഷിതരുടെ അപൂർവ കൃതികൾ എന്ന വിഷയത്തിലുള്ള ശില്പശാലയാണ് ടി.എം. കൃഷ്ണയുടെ നേതൃത്വത്തിൽ നടക്കുന്നത്.
കൃഷ്ണയുടെ സംഗീതപരിപാടി നടത്തുന്നതിനെതിരേ പ്രതിഷേധം അറിയിച്ച് നിരവധിപ്പേർ തങ്ങളെ വിളിച്ചതായി സംഘാടകർ അറിയിച്ചിരുന്നു. എന്നാൽ, പ്രതിഷേധം വകവയ്ക്കുന്നില്ലെന്നും എതിർപ്പുള്ളവർ പരിപാടിയിൽ പങ്കെടുക്കേണ്ടെന്നുമാണ് സംഘാടകരുടെ നിലപാട്. ഇത്തരം ഭീഷണികൾക്കു മുന്നിൽ മുട്ടുമടക്കില്ലെന്ന് ടി.എം. കൃഷ്ണയും പ്രതികരിച്ചിരുന്നു.
ഡൽഹിയിൽ സംഘപരിവാർ ഭീഷണിയെ തുടർന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കിയ ടി.എം. കൃഷ്ണയുടെ സംഗീത കച്ചേരി ആം ആദ്മി സർക്കാർ മുൻകൈയെടുത്താണ് നടത്തിയത്. ഡൽഹി സാകേതിലെ അജൈബ് വില്ലേജിലെ ഗാർഡൻ ഓഫ് ഫൈവ് സെൻസസിലാണ് പരിപാടി നടന്നത്.
കർണാടിക് സംഗീതത്തിന്റെ പ്രൗഢ വേദികളിലെ സജീവ സാന്നിധ്യമാണ് മാഗ്സസെ അവാർഡ് ജേതാവ് കൂടിയായ തൊടൂർ മാഡബുസി കൃഷ്ണ എന്ന ടി.എം. കൃഷ്ണ. രാഷ്ട്രീയ വിഷയങ്ങളിൽ ശക്തമായ നിലപാടുകളും കുറിക്കു കൊള്ളുന്ന അഭിപ്രായ പ്രകടനങ്ങളും നടത്തുന്നതും നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ രൂക്ഷ വിമർശനങ്ങളുന്നയിക്കുന്നതുമാണ് അദ്ദേഹത്തെ സംഘപരിവാർ ശക്തികൾക്ക് അനഭിമതനാക്കി മാറ്റിയത്. സംഗീതത്തിലെ ജാതീയതയെയും അദ്ദേഹം ശക്തമായി ചോദ്യം ചെയ്തിട്ടുണ്ട്.
രാജ്യവിരുദ്ധനെന്ന് ട്രോളുകളിലൂടെ ആക്ഷേപം ഉയർന്നതിനെ തുടർന്ന് സ്പിക് മാക്കേയുമായി ചേർന്ന് നടത്താനിരുന്ന ടി.എം. കൃഷ്ണയുടെ കച്ചേരി ഉൾപ്പടെയുള്ള പരിപാടികളിൽ നിന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പിൻമാറുകയായിരുന്നു.
ആര് വേദി തന്നാലും ഡൽഹിയിൽ പാടാൻ തയാറാണെന്ന് ടി.എം കൃഷ്ണ പ്രഖ്യാപിച്ചതോടെയാണ് സന്നദ്ധത അറിയിച്ച് കേജരിവാൾ സർക്കാർ രംഗത്തെത്തിയത്. ആം ആദ്മി പാർട്ടി സർക്കാരിന് പുറമേ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയനും ടി.എം. കൃഷ്ണയ്ക്കു വേദിയൊരുക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.