തൃശൂർ: പാർലമെന്റ് അംഗം എന്ന നിലയിൽ പങ്കെടുക്കുന്ന ചടങ്ങുകളിൽ “പൂക്കൾക്കു പകരം പുസ്തകം’ എന്ന ആശയം നടപ്പാക്കിയ ടി.എൻ. പ്രതാപൻ എംപിയുടെ ആദ്യ വായനശാല വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ആരംഭിക്കുന്നു.കഴിഞ്ഞ ആറു മാസംകൊണ്ട് ആറായിരത്തോളം പുസ്തകങ്ങളാണ് സമ്മാനമായി ലഭിച്ചത്. പൂക്കൾ, ഷാളുകൾ, മെമന്റോകൾ എന്നിവയ്ക്കു പകരം ചടങ്ങുകളിൽ പുസ്തകം മാത്രമേ സ്വീകരിക്കൂവെന്നു പ്രതാപൻ നിലപാടെടുത്തിരുന്നു.
പല ചടങ്ങുകളിൽനിന്നും ഒന്നിലേറെ പുസ്തകങ്ങൾ സമ്മാനമായി ലഭിച്ചു. അന്പതു പുസ്തകങ്ങൾ സമ്മാനമായി നൽകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ ആതിഥ്യം സ്വീകരിച്ചു പുസ്തകങ്ങൾ സമാഹരിക്കുന്ന പരിപാടിയും നടന്നു. കേരളത്തിലെ ഏക അതീവ സുരക്ഷാ ജയിലിൽ 535 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ടെങ്കിലും 192 തടവുകാരാണ് ഇപ്പോഴുള്ളത്.
കേരളത്തിലെ മറ്റു ജയിലുകളിൽ വായനശാലകൾ നിലവിലുണ്ട്, എന്നാൽ അതീവ സുരക്ഷാ ജയിലിൽ ലൈബ്രറി ഇല്ല. നക്സലുകൾ, യുഎപിഎ തടവുകാർ, രാഷ്ട്രീയ തടവുകാർ മുതലായവരെയാണ് ഇവിടെ പാർപ്പിക്കുന്നത്.തടവുകാരുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും തിരിച്ചറിവുണ്ടായി മനഃപരിവർത്തനം വരുത്താനുമാണ് ലൈബ്രറി സജ്ജമാക്കുന്നത്. ലൈബ്രറിക്ക് ആവശ്യമായ വായനമേശയും പുസ്തക അലമാരകളും ടി.എൻ. പ്രതാപൻ എംപി തന്നെയാണ് സമ്മാനിക്കുന്നത്.
ഈ മാസം 18 നു രാവിലെ 10.30നു വായനശാല തുറക്കും. അടുത്ത വായനശാല സ്നേഹതീരത്ത് പ്രിയദർശിനി സ്മാരക സമിതിയിൽ ആരംഭിക്കും. ജാർഖണ്ഡ് മുഖ്യമന്ത്രിക്കു
പ്രതാപന്റെ അനുമോദനക്കത്ത്
തൃശൂർ: പൂച്ചെണ്ടിനും ബൊക്കെകൾക്കും പകരം പുസ്തകങ്ങൾ മതിയെന്നു തീരുമാനിച്ച ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് അഭിനന്ദനങ്ങൾ അറിയിച്ച് ടി.എൻ. പ്രതാപൻ എംപി കത്തയച്ചു. ഒപ്പം ജവഹർലാൽ നെഹ്റുവിന്റെ “ഡിസ്കവറി ഓഫ് ഇന്ത്യ’യുടെ ഇംഗ്ലീഷ് പതിപ്പും സമ്മാനിച്ചു. തപാൽ മാർഗമാണ് എംപി ഇതയച്ചത്.
2019 ജൂണിൽ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തതുമുതൽ ടി.എൻ. പ്രതാപൻ സമാനമായ തീരുമാനമെടുത്തിരുന്നു. സർക്കാരിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ എംഎൽഎമാരിലൂടെയും ഈ പദ്ധതി ആവിഷ്കരിച്ച് ലഭ്യമാകുന്ന പുസ്തകങ്ങൾ പ്രയോജനപ്പെടുത്തി ആദിവാസിഗ്രാമങ്ങളിൽ വായനശാലകൾ ആരംഭിക്കണമെന്നും പ്രതാപൻ നിർദേശിച്ചിട്ടുണ്ട്.