സ്വന്തം ലേഖകൻ
തൃശൂർ: ഗ്രൂപ്പ് നേതാക്കളുമായും മറ്റു മുതിർന്ന നേതാക്കളുമായും ചർച്ച നടത്തി കെപിസിസിക്കു കൈമാറിയ ഡിസിസി ഭാരവാഹികളുടെ ലിസ്റ്റിനെതിരെ ആഞ്ഞടിച്ച് ടി.എൻ. പ്രതാപൻ എംപി.
ഡിസിസി ജനറൽ ബോഡി യോഗത്തിലാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരനു കൈമാറിയ ലിസ്റ്റിനെതിരെ എംപി ശബ്ദമുയർത്തിയത്.
ലിസ്റ്റിലുള്ളതു പോക്സോ കേസുകളിൽ പെട്ടവരും ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയെ സഹായിച്ചവരുമൊക്കെയാണെന്നായിരുന്നു പ്രതാപന്റെ കുറ്റപ്പെടുത്തൽ.
പരസ്യമായുള്ള ഇത്തരം കുറ്റപ്പെടുത്തലിനെതിരെ ജില്ലയിലെ നേതാക്കൾ അതൃപ്തി വ്യക്തമാക്കി. പരസ്യമായി പ്രതാപന്റെ പ്രസംഗത്തിനെതിരെ ആരും പ്രതികരിച്ചില്ലെങ്കിലും നേതാക്കൾ സ്വകാര്യ സംഭാഷണത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ഡിസിസി പുനഃസംഘടന സംബന്ധിച്ചു തർക്കമുണ്ടെന്നും നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ അഖിലേന്ത്യാനേതൃത്വത്തെ സമീപിച്ചതുമൂലമാണ് ഡിസിസി ഭാരവാഹികളുടെ ലിസ്റ്റ് പ്രഖ്യാപനം തടഞ്ഞിരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
പ്രതാപന്റെ കൂടെനടന്നവരെയും ലോക്സഭ തെരഞ്ഞെടുപ്പിൽ സഹായിക്കാത്തവരെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയതാണ് ഈ പ്രകോപനത്തിനു കാരണമെന്നു പറയുന്നു.
കൂടാതെ സുരേഷ് ഗോപിയെ സഹായിച്ചവരും ലിസ്റ്റിൽ കടന്നുകൂടിയിട്ടുണ്ടെന്നാണ് ആരോപണം.എന്നാൽ, ഇത്തരം കാര്യങ്ങൾ ചർച്ചകൾ നടത്തിയപ്പോൾ പറയാതെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ശരിയല്ലെന്നാണ് ജില്ലയിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായം.
സ്വന്തം കാര്യം നോക്കി പാർട്ടിയെ തളർത്തുന്ന പ്രതാപന്റെ നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസിലെ ചില നേതാക്കളും അസ്വസ്ഥരാണ്.