ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അവഗണന സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് കോണ്ഗ്രസ് എം.പി ടി.എൻ. പ്രതാപൻ.
തൊടുന്യായം പറഞ്ഞാണ് കേരളത്തിന് പല പദ്ധതികളുടെയും ഫണ്ട് നിഷേധിക്കുന്നതെന്നും മറ്റ് യുഡിഎഫ് എംപിമാർക്കും ഇതേ നിലപാടാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
മാനദണ്ഡങ്ങൾ പാലിക്കാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകുകയാണ്. ജനങ്ങളുടെ നികുതിപ്പണം ജനസംഖ്യാനുപാതികമായി ജനങ്ങൾക്ക് വീതിച്ച് നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയം ഉന്നയിച്ച് പ്രതാപൻ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി. സാന്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സർക്കാരാണ് കാരണമെന്ന് കോണ്ഗ്രസ് വിമർശനമുന്നയിക്കുന്നതിനിടെയാണ് കേന്ദ്രനയങ്ങളാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന സിപിഎം നിലപാടിനെ പിന്തുണച്ച് പ്രതാപൻ രംഗത്തെത്തിയിരിക്കുന്നത്.