തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ എംപി സ്ഥാനാർഥിയായി വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തന്റെ മനസിൽ ഒരാളുടെ പേരുണ്ടെന്ന ടി.എൻ. പ്രതാപൻ എംപിയുടെ വാക്കുകളെച്ചൊല്ലി തൃശൂരിൽ കോൺഗ്രസുകാർക്കിടയിൽ സജീവ ചർച്ച.
ആരാണ് പ്രതാപന്റെ മനസിലെ വിജയപ്രതീക്ഷയുള്ള സ്ഥാനാർഥി എന്ന ചർച്ചയാണ് കോൺഗ്രസുകാർക്കിടയിൽ ചൂടുപിടിച്ചിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയ ടി.എൻ. പ്രതാപൻ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് തൃശൂരിൽ നല്ല പകരക്കാരന്റെ പേര് തന്റെ മനസിലുണ്ടെന്ന് പറഞ്ഞത്.
എന്നാൽ അത് ആരുടെ പേരാണെന്ന് വെളിപ്പെടുത്താൻ നിലവിലെ തൃശൂർ ലോക്സഭാ എംപി തയാറായില്ല.തൃശൂരിൽ നല്ല പകരക്കാരന്റെ പേര് തന്റെ മനസിലുണ്ടെന്നും പക്ഷേ അത് നിശ്ചയിക്കേണ്ടത് ഹൈക്കമാൻഡായതിനാൽ പറയുന്നില്ലെന്നും ആ സന്ദർഭത്തിൽ നേതൃത്വം തന്നോട് ആരാഞ്ഞാൽ മനസിലുള്ള “വിന്നിംഗ് കാൻഡിഡേറ്റിന്റെ’ പേര് അറിയിക്കുമെന്നുമാണ് പ്രതാപൻ പറഞ്ഞിരിക്കുന്നത്.
ഇതോടെയാണ് തൃശൂരിലെ കോൺഗ്രസുകാർക്കിടയിൽ ആരാണ് അദ്ദേഹത്തിന്റെ മനസിലുള്ള സ്ഥാനാർഥി എന്ന ചോദ്യം പരസ്പരം ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നത്.
വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കുന്നില്ലെന്ന കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായും പ്രതാപൻ പറഞ്ഞു.
ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പ്രതാപൻ വ്യക്തമാക്കിയ സാഹചര്യത്തിൽ തൃശൂർ നിയമസഭാ മണ്ഡലമാണ് പ്രതാപൻ ലക്ഷ്യമിടുന്നത് എന്നാണ് സൂചന.