തൃശൂർ: ഒരു വേദിയിൽ ഒരു അതിഥിക്കു പതിനായിരം പുസ്തകങ്ങൾ സമ്മാനമായി നൽകുന്ന നിമിഷത്തിനു തൃശൂർ സാക്ഷിയാകുന്നു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന നഗരിയിലാണ് ഈ അപൂർവ ചടങ്ങ്.
പൊതുചടങ്ങുകളിൽ അതിഥിയായി എത്തുന്ന തനിക്കു പൂച്ചെണ്ടുകൾക്കും മറ്റ് ഉപഹാരങ്ങൾക്കും പകരം പുസ്തകങ്ങൾ നൽകിയാൽ മതിയെന്നു തീരുമാനിച്ച തൃശൂർ ലോക്സഭാമണ്ഡലം എംപി ടി.എൻ. പ്രതാപനാണ് പതിനായിരം അധ്യാപകർ ഓരോ പുസ്തകം വീതം സമ്മാനിക്കുന്നത്.
വായനയെ പ്രോത്സാഹിപ്പിക്കാനുള്ള എംപിയുടെ ഇടപെടലുകൾക്കുള്ള അംഗീകാരമായിട്ടാണ് പുസ്തകങ്ങൾ സമ്മാനിക്കുന്നതെന്നു കെപിഎസ്ടിഎ ഭാരവാഹികൾ പറഞ്ഞു.
ലോകചരിത്രത്തിൽതന്നെ ഇടംപിടിക്കുന്ന ഈ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ ഗിന്നസ് റിക്കാർഡ് പ്രതിനിധികളും എത്തുന്നുണ്ട്. ഇന്നു വൈകീട്ട് നാലിനു തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥികോർണറിലാണ് ചടങ്ങ് നടക്കുക. ഗിന്നസ് നേട്ടം ഗിന്നസ് റിക്കാർഡ് അധികൃതർ പ്രഖ്യാപിക്കും.