സ്വന്തം ലേഖകൻ
തൃശൂർ: ഈ നിലയ്ക്കാണെങ്കിൽ രാജിവച്ച് ഒഴിയുമെന്നു കോണ്‍ഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റ് ടി.എൻ. പ്രതാപൻ ജില്ലാ നേതൃയോഗത്തിൽ. പാർട്ടിയിൽ ഐക്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കു നേതാക്കളും പ്രവർത്തകരും തയാറാകുന്നില്ലെന്ന് ഉദാഹരണങ്ങൾ സഹിതം ചൂണ്ടിക്കാട്ടിയാണ് രാജിസന്നദ്ധത അറിയിച്ചത്. ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിൽ വളരെ വികാര നിർഭരമായാണ് യോഗത്തിൽ പ്രതാപൻ സംസാരിച്ചത്.
ഏറ്റവും ഒടുവിൽ തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ചു സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചിടത്തും കോണ്‍ഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടു. രണ്ടിടത്തു മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഈ വിഷയത്തിൽ ഉൗന്നിയാണു ചർച്ചകൾ പുരോഗമിച്ചത്. വിമർശനങ്ങൾക്കു മറുപടിയായാണ് പ്രതാപൻ വികാരഭരിതനായി സംസാരിച്ചത്.
ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങൾക്കും സമര പരിപാടികൾക്കും ഭാരവാഹികളുടേയും പ്രവർത്തകരുടേയും ആവേശകരമായ പിന്തുണ ഉണ്ടാകുന്നില്ല. ഗ്രൂപ്പിസത്തിന്റെ പേരിലുള്ള പകപോക്കലുകൾ അവസാനിപ്പിക്കാനായില്ല. ഗ്രൂപ്പിസം ഇല്ലാത്ത കൂട്ടായ പ്രവർത്തനത്തിനു കളമൊരുക്കാമെന്ന പ്രതീക്ഷയോടെയാണ് പ്രതാപൻ ഡിസിസി പ്രസിഡന്റായി ചുമതലേറ്റത്.
പ്രതാപന്റെ സംശുദ്ധമായ പ്രതിച്ഛായയും യുവതലമുറയോടുള്ള ആഭിമുഖ്യവും ഗ്രൂപ്പുകൾക്കതീതമായി ഐക്യത്തോടെ പ്രവർത്തിക്കാനുള്ള നേതൃശേഷിയും പാർട്ടിയെ കെട്ടുറപ്പോടെ ശക്തമാക്കുമെന്നാണു പൊതുവേ പ്രതീക്ഷിച്ചിരുന്നത്. അങ്ങനെയൊരു മാറ്റം ആഗ്രഹിച്ച തങ്ങൾ നിരാശരാണെന്നാണു ജില്ലയിലെ കോണ്‍ഗ്രസിലെ രണ്ടാം നിര നേതൃത്വവും യുവനേതാക്കളും ഇപ്പോൾ പറയുന്നത്.
സംസ്ഥാനത്ത എല്ലാ ജില്ലകളിലും തലമുറമാറ്റം പ്രായോഗികമായപ്പോൾ തൃശൂർ ജില്ലയിൽ അതുണ്ടായില്ലെന്നാണ് പ്രധാന ആരോപണം. ഡിസിസി പ്രസിഡന്റു സ്ഥാനത്തു തലമുറമാറ്റം ഉണ്ടായെങ്കിലും പൊതു പരിപാടികളുടെ വേദികളിലും സുപ്രധാന തീരുമാനമെടുക്കുന്ന സമിതികളിലും എഴുപതു കഴിഞ്ഞ അഞ്ചോ ആറോ വയോധികർമാത്രമെന്ന പഴയ സ്ഥിതി തുടരുകയാണ്.
വലിയൊരു വിഭാഗം നേതാക്കളെ അകറ്റി നിർത്തിയിരിക്കുന്നു. അനാവശ്യമായി ക്ഷുഭിതനാകുന്നതുമൂലം അകന്നു നിൽക്കുന്ന നേതാക്കളുമുണ്ട്.ഐ ഗ്രൂപ്പിലെ മുൻ മന്ത്രിയുടെ ആജ്ഞാനുവർത്തിയായി ഡിസിസി തുടരുന്ന അവസ്ഥയാണുള്ളതെന്നാണു ഐ ഗ്രൂപ്പിലുള്ളവർതന്നെ ആരോപിക്കുന്നത്. യുവനേതൃത്വത്തിന് അവസരം നൽകാതെ വഴിയടയ്ക്കുന്ന പഴയ നിലപാടിൽ മാറ്റമുണ്ടായില്ലെന്ന് അവർ ആരോപിക്കുന്നു.
അടുത്തുവരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റുമാരെ മൽസരിപ്പിക്കേണ്ടതില്ലെന്നാണു കോണ്‍ഗ്രസിൽ നിലവിലുള്ള ധാരണ. ഡിസിസി പ്രസിഡന്റു സ്ഥാനത്തുനിന്ന് മാറിനിന്നാലേ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനാകൂ. ഇതിനു കളമൊരുക്കുകയാണെന്നും എ, ഐ ഗ്രൂപ്പുകളുടെ നേതാക്കൾ ആരോപിക്കുന്നു.