ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എൻ.ശേഷന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചയാളായിരുന്നു ശേഷനെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു ശേഷനെന്നും അദ്ദേഹത്തിന്റെ വേർപാട് തന്നെ ഏറെ ദുഃഖിതനാക്കിയെന്നും പ്രധാനമന്ത്രി കുറിച്ചു.
മുൻ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറും മുൻ കാബിനറ്റ് സെക്രട്ടറിയുമായ ടി.എൻ. ശേഷൻ (87) ഇന്നലെ ചെന്നൈയിലെ വസതിയിൽ വച്ചാണ് അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.ഇന്ത്യൻ തെരഞ്ഞെടുപ്പുരംഗത്തെ ശുദ്ധീകരിച്ച നിശ്ചയദാർഢ്യക്കാരൻ എന്ന നിലയിലാണ് ശേഷൻ രാജ്യത്തു ശ്രയനായത്. അദ്ദേഹത്തിന്റെ കർക്കശനടപടികൾ പിന്നീടുവന്ന ചീഫ് ഇലക്ഷൻ കമ്മീഷണർമാർക്കും മാതൃകയായി.
പാലക്കാട്ട് 1932 ഡിസംബർ 15-നു ജനിച്ച തിരുനെല്ലായി നാരായണ അയ്യർ ശേഷൻ 1955 ബാച്ച് തമിഴ്നാട് കേഡർ ഐഎഎസ് ഓഫീസറാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്പോൾ കാബിനറ്റ് സെക്രട്ടറിയായി. ഇന്ത്യയുടെ പത്താമത്തെ ചീഫ് ഇലക്ഷൻ കമ്മീഷണറായി 1990 മുതൽ 96 വരെ അദ്ദേഹം പ്രവർത്തിച്ചു. 1997-ൽ രാഷ്ട്രപതി സ്ഥാനത്തേക്ക് കെ.ആർ. നാരായണനെതിരേ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കേരള സർവകലാശാല വൈസ് ചാൻസലറായിരുന്ന ആർ.എസ്. കൃഷ്ണന്റെ മകൾ ജയലക്ഷ്മിയായിരുന്നു ഭാര്യ. ഇവർ കഴിഞ്ഞ വർഷം അന്തരിച്ചു. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറാകുന്നതിനു മുന്പ് ശേഷൻ ആസൂത്രണ കമ്മീഷൻ അംഗവുമായിരുന്നു.ടി.എൻ.ശേഷൻ എന്ന ഐഎഎസുകാരനെ രാജ്യം ഹൃദയത്തിലേറ്റിയത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന പദവിയിൽ എത്തിയതോടെയാണ്.
ഒരു തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയുടെ ശക്തി എന്തെന്നും അധികാരമെന്തെന്നും അപ്പോഴാണ് ഇന്ത്യൻ ജനതയും ഇവിടുത്ത രാഷ്ട്രീയക്കാരും തിരിച്ചറിഞ്ഞത്. തെരഞ്ഞെടുപ്പ് രംഗത്തെ ക്രമക്കേടുകൾക്കെല്ലാം തടയിട്ടു ശുദ്ധീകരണം നടത്താൻ ടി.എൻ.ശേഷൻ നിശ്ചയിച്ചുറപ്പിച്ചതോടെ രാഷ്ട്രീയക്കാർ പോലും മുട്ടുമടക്കി.
തെരഞ്ഞെടുപ്പ് നടത്തിപ്പിനു കൃത്യമായ ഊടും പാവും നൽകി. കർശന നിർദേശങ്ങൾ നൽകിയും അതു മുഖംനോക്കാതെ നടപ്പാക്കിയും അദ്ദേഹം രാഷ്ട്രീയക്കാർക്കു സത്യത്തിൽ പേടിസ്വപ്നമായി മാറി എന്നു തന്നെ പറയാം. കാര്യക്ഷമതയും കാര്യശേഷിയും ഒത്തിണങ്ങിയ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം പ്രതിഭ തെളിയിച്ചു. ഇലക്ഷൻ കമ്മീഷന് അദ്ദേഹം നേടിക്കൊടുത്ത മഹത്വവും ശക്തിയും അദ്ദേഹത്തിന്റെ കാലശേഷവും തുടർന്നു.
തെരഞ്ഞെടുപ്പു ചട്ടങ്ങൾ കൃത്യമായി അനുസരിക്കാൻ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തയാറായി. മലയാളികൾക്കും അഭിമാനസ്തംഭമായിരുന്നു ടി.എൻ.ശേഷൻ.തെരഞ്ഞെടുപ്പു കമ്മീഷണർ എന്ന നിലയിൽ 40,000-ത്തോളം സ്ഥാനാർഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമർപ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കിയ ചരിത്രവുമുണ്ട്.
പഞ്ചാബ്, ബിഹാർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കിയ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യാൻ പാർലമെന്റ് അംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല. കമ്മീഷന്റെ അധികാരം ഉറപ്പിക്കാൻ അദ്ദേഹം പലതവണ സുപ്രീംകോടതിയിലും യുദ്ധം ചെയ്തു.
തിരഞ്ഞെടുപ്പുകളിൽ കള്ള വോട്ട് ഒഴിവാക്കാൻ വീഡിയോ ടീമുകളെ നിയോഗിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ കൊണ്ടുവന്നു.
സ്ഥാനാർഥികൾക്കു തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മണ്ഡലത്തിന് വലിയ സമ്മാനങ്ങൾ പ്രഖ്യാപിക്കാൻ പാടില്ലെന്നു നിർദേശിച്ചു. തെരഞ്ഞെടുപ്പിൽ സർക്കാർ വാഹനങ്ങൾ, ഹെലികോപ്ടറുകൾ, ബംഗ്ലാവുകൾ എന്നിവ ഉപയോഗിക്കുന്നതും അദ്ദേഹം നിരോധിച്ചു.