സേലത്ത് ജാതിമാറി പ്രണയിച്ച് വിവാഹം ചെയ്ത നവദമ്പതികളില്‍ വധുവിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്.
പോലീസിന് പോലും യുവതിയെ കണ്ടെത്താന്‍ സാധിക്കാതിരുന്ന സംഭവത്തില്‍ അഞ്ച് ദിവസങ്ങള്‍ക്ക് ഇപ്പുറം അഭിഭാഷകനൊപ്പം യുവതി പോലീസ് സ്റ്റേഷനില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മാത്രമല്ല കാമുകനെതിരെ പരാതി നല്‍കുകയും ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാമുകന്, വിവാഹത്തിന് സഹായം ചെയ്ത രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. അതേസമയം വലിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയതെന്ന ആരോപണവുമായി ദളിത് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ജാതിമാറിയുള്ള വിവാഹവും തുടര്‍ന്നുള്ള സംഭവങ്ങളും തമിഴ്നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു.
ചൊവ്വാഴ്ച മുതല്‍ ഗുണ്ടാ സംഘത്തിന്റെ തടവിലായിരുന്ന വധു ഒടുവില്‍ കാമുകനെ തള്ളി പറയുകയും കാമുകനെതിരേ പരാതി നല്‍കുകയും ആയിരുന്നു. ഈറോഡില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിനിമയെ വെല്ലുന്ന സംഭവവികാസങ്ങള്‍ ഉണ്ടായത്. വണ്ണിയ സമുദായത്തില്‍ പെട്ട ഇളര്‍മതിയും ദളിത് വിഭാഗക്കാരനായ സെല്‍വനും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.
പിന്നീട് പരിചയം പ്രണയമാകുകയും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇവര്‍ വിവാഹിതരാകുകയുമായിരുന്നു. വിവാഹരാത്രിയില്‍ തന്നെ ഇളര്‍മതിയെ സ്വന്തം പിതാവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം തട്ടിക്കൊണ്ട് പോയി. വിവാഹത്തിനു സഹായം ചെയ്ത ദ്രാവിഡ വിടുതലൈ ഇയ്യക്കം കണ്‍വീനര്‍ ഈശ്വരന് തല്ലിചതച്ചതിനുശേഷമായിരുന്നു തട്ടികൊണ്ടുപോകല്‍.
വരന് ശെല്‍വനെ ഗുണ്ടാസംഘം ക്രൂരമായി മര്‍ദിച്ചു റോഡില്‍ തള്ളുകയും ചെയ്തിരുന്നു. ഇളര്‍മതിയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തുന്നതിനിടെ
ഇന്നലെ ഉച്ചയ്ക്ക് അഭിഭാഷകനൊപ്പം ഇളര്‍മതി മേട്ടൂര്‍ വനിതാ സ്റ്റേഷനിലെത്തി പരാതി നല്കി. തെറ്റിദ്ധരിപ്പിച്ചായിരുന്നു വിവാഹമെന്നാണ് പരാതി.
ഇതോടെ വിവാഹത്തിനു മുന്‍കൈ എടുത്ത കൊളത്തൂര്‍ മണി, ദ്രാവിഡ വിടുതലൈ ഇയ്യക്കം കണ്‍വീനര്‍ ഈശ്വരന് എന്നിവര്‍ക്കെതിരെ തട്ടികൊണ്ടുപോകലടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു.
അതിനിടെ കടുത്ത ഭീഷണിയെ തുടര്‍ന്നാണ് ഇളര്‍മതി പരാതി നല്‍കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ കേസില്‍ വാദി പ്രതിയായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്.