കാസര്‍ഗോഡ്: കാസര്‍ഗോഡ് – മംഗളൂരു ദേശീയപാതയില്‍ കാസര്‍ഗോഡ് നഗരത്തിനു സമീപം അടുക്കത്ത് വയലില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.ഗ്യാസ് ചോരുന്നതായി സ്ഥിരീകരിച്ചതോടെ പ്രദേശത്ത് നാലു കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
അടുത്തുള്ള വീടുകളിലെ ആളുകളെ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റി. ദേശീയപാതയില്‍ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. സംഭവസ്ഥലത്തിന്റെ അടുത്തേക്ക് ആളുകളെയും കടത്തിവിടുന്നില്ല. സംഭവസ്ഥലത്തിന് സമീപത്തായുള്ള അടുക്കത്ത് വയല്‍ ഗവ. യുപി സ്കൂളിന് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
പോലീസും അഗ്നിസുരക്ഷാസേനയും വിദഗ്ദ്ധരുടെ സഹായത്തോടെ സ്ഥിതി നിയന്ത്രണാധീനമാക്കാനുള്ള ശ്രമം തുടരുകയാണ്. പുലര്‍ച്ചെ തന്നെ പോലീസും അഗ്നിസുരക്ഷാസേനയും ചേര്‍ന്ന് നഗരത്തിലെ ഒരു ഹാര്‍ഡ് വെയര്‍ കടയുടെ സഹായത്തോടെ സേഫ്റ്റി വാല്‍വുകളും മറ്റും ഉപയോഗിച്ച് ചോര്‍ച്ചയുള്ള ഭാഗം താല്‍ക്കാലികമായി അടച്ചു. തുടര്‍ന്ന് മംഗളൂരുവില്‍ നിന്ന് ഭാരത് പെട്രോളിയം കമ്പനിയിലെ വിദഗ്ദ്ധര്‍ സ്ഥലത്തെത്തി.
മംഗളൂരുവില്‍ നിന്നെത്തിച്ച റിക്കവറി വാനിലേക്ക് പാചകവാതകം മാറ്റുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് മണിക്കൂറുകള്‍ എടുക്കുമെന്നാണ് വിവരം. വാതകം പൂര്‍ണമായും മാറ്റിത്തീര്ന്നതിനുശേഷം മാത്രമേ ലോറി സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കാനും സ്ഥിതിഗതികള്‍ സാധാരണനിലയിലെത്തിക്കാനും കഴിയുകയുള്ളൂ.
വാതകചോര്‍ച്ച സ്ഥിരീകരിച്ച ഉടനെതന്നെ സമീപത്തെ ക്ഷേത്രങ്ങളില്‍ നിന്നും പള്ളികളില്‍ നിന്നും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. ചോര്‍ന്നു കഴിഞ്ഞ വാതകത്തിന്റെ വീര്യം കുറയ്ക്കുന്നതിനായി അഗ്നിസുരക്ഷാസേന നിരന്തരം വെള്ളം ചീറ്റുന്നുണ്ട്. സമീപസ്ഥലങ്ങളില്‍ നിന്ന് അഗ്നിസുരക്ഷാ സേനയുടെ നിരവധി യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ഭാരത് പെട്രോളിയത്തിനു കീഴില്‍ മംഗളൂരുവില്‍നിന്നും കോയമ്പത്തൂരിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കര്‍ ലോറിയാണ് അടുക്കത്ത് വയലിലെ വളവിനോട് ചേര്‍ന്ന് അപകടത്തില്‍ പെട്ടത്. സിലിണ്ടറിന്റെ സേഫ്റ്റി വാല്‍വില്‍ പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് വാതക ചോര്‍ച്ച ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.