തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു തൊട്ടുപിന്നാലെ തൃശൂരിൽ ടി.എൻ. പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനുമെതിരേ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന്റെ മുന്നിലും മതിലുകളിലുമാണ് ഇന്നുരാവിലെ കോണ്‍ഗ്രസ് ലൗവേഴ്സിന്റെ പേരിൽ പോസ്റ്ററുകൾ പതിച്ചത്. പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല, ജോസ് വള്ളൂർ രാജിവയ്ക്കുക എന്നിവയാണ് പോസ്റ്ററിലെ വാചകങ്ങൾ.
കേരളത്തിൽ 18 സീറ്റുകളിൽ മികച്ച വിജയം നേടിയെങ്കിലും തൃശൂർ ലോക്സഭമണ്ഡലത്തിൽ കെ. മുരളീധരന്റെ കനത്ത പരാജയം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വലിയ പ്രശ്നത്തിലാക്കിയിരിക്കുകയാണ്.
ജയസാധ്യതയുള്ള വടകരയിൽനിന്ന് മുരളിയെ തൃശൂരിലേക്ക് പറിച്ചുനട്ട് ഇല്ലാതാക്കിയെന്ന ആരോപണം വോട്ടെണ്ണൽ ദിവസം തന്നെ ഉയർന്നിരുന്നു.
തൃശൂരിൽ കോണ്‍ഗ്രസിന് വോട്ടുകൾ ലഭിക്കുമായിരുന്ന ഒല്ലൂരടക്കമുള്ള മണ്ഡലങ്ങളിൽ വിചാരിച്ച വോട്ടുകൾ കിട്ടാതിരുന്നതിൽ മുരളി ഫലമറിഞ്ഞശേഷം കടുത്ത അതൃപതി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ പ്രചാരണത്തിനായി ദേശീയ നേതാക്കളൊന്നും തൃശൂരിൽ എത്താത്തതിലെ അമർഷവും മുരളി മറച്ചുവച്ചില്ല.
ആകെ വന്നത് ഡി.കെ. ശിവകുമാർ മാത്രമാണെന്നും മുരളി ഓർമിപ്പിച്ചു. കുരുതിക്ക് താൻ നിന്നുകൊടുക്കാൻ പാടില്ലായിരുന്നുവെന്നും വടകരയിൽ മത്സരിച്ചിരുന്നുവെങ്കിൽ ജയിക്കുമായിരുന്നുവെന്നും മുരളി തുറന്നടിച്ചതോടെ കോണ്‍ഗ്രസിനകത്ത് അടിപൊട്ടുമെന്നുറപ്പായിരുന്നു.
ഇന്നലെ രാത്രിതന്നെ കെ. മുരളീധരൻ തൃശൂരിൽനിന്ന് കോഴിക്കോട്ടേക്ക് മടങ്ങി. തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, കെപിസിസി വർക്കിംഗ് കമ്മിറ്റി പ്രസിഡന്റും മുൻ എംപിയുമായ ടി.എൻ. പ്രതാപൻ എന്നിവരോട് കടുത്ത ഭാഷയിൽ മുരളി വിമർശനങ്ങളുന്നയിച്ചതായും പറയുന്നു.
പ്രവർത്തനം നൂറു ശതമാനം പെർഫെക്ടായിരുന്നില്ലെന്ന് തൃശൂർ ഡിസിസി
തൃശൂർ: കെ.മുരളീധരന്റെ തൃശൂർ ലോക്സഭമണ്ഡലത്തിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് തൃശൂർ ഡിസിസി. സംഘടനാപ്രവർത്തനം നൂറു ശതമാനം പെർഫെക്ട് ആയിരുന്നില്ലെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.
വീഴ്ചകൾ പറ്റിയിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ചില പോരായ്മകൾ സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വോട്ടുകൾ ചോർന്നിട്ടില്ലെന്ന് പറയാനാകില്ലെന്നും ജോസ് വള്ളൂർ പറഞ്ഞു. എന്നാൽ മുരളിയുടെ ഇത്രയും കനത്ത തോൽവിക്കു കാരണം സിപിഎം – ബിജെപി ഡീലാണെന്നും ജോസ് വള്ളൂർ ആരോപിച്ചു.
പോസ്റ്ററുകൾ കീറിയെറിഞ്ഞ് കോണ്‍ഗ്രസുകാർ
തൃശൂർ: ടി.എൻ.പ്രതാപനും ജോസ് വള്ളൂരിനുമെതിരേ തൃശൂരിൽ പതിച്ച പോസറ്ററുകൾ കീറിയെറിഞ്ഞ് കോണ്‍ഗ്രസുകാർ. തൃശൂർ ഡിസിസി ഓഫീസിനു മുന്നിലും മതിലിലും പതിച്ച പോസ്റ്ററുകളാണ് കോണ്‍ഗ്രസുകാർ കീറിയെറിഞ്ഞത്.