നവാസ് മേത്തർ
തലശേരി: ടിഎൻടി ചിട്ടി കമ്പനിയുടെ മറവിൽ സംസ്ഥാനത്ത് 500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇതിനിടയിൽ കേസിലെ മുഖ്യപ്രതികളായ സഹോദരങ്ങൾ വിദേശത്തേക്ക് കടന്നതായ സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ സ്വിസർലൻഡിലേക്ക് കടന്നതയാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും പ്രതികളെ പിടികൂടുന്നതിന് വേണ്ടി വന്നാൽ ഇന്റർപോളിന്റെ സഹായം തേടുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉത്തരവു പ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. തട്ടിപ്പിനിരയായ നൂറു കണക്കിനാളുകളുടെ പരാതിയാണ് ഇതിനകം പോലീസിന് ലഭിച്ചിട്ടുള്ളത്. കണ്ണൂർ ജില്ലയിൽ തട്ടിപ്പിനിരയായവർ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകുകയും ചെയ്തിരുന്നു.
ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്പനി കേരളത്തിൽ 48 ശാഖകളിലൂടെയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. നിലവിൽ എല്ലാ ശാഖകകളും അടച്ചു പൂട്ടിയിരിക്കുകയാണ്. സ്ഥാപനത്തിന്റെ പേര് മാറ്റത്തിന് അണിയറയിൽ നീക്കം നടക്കുന്നതിനിടയിലാണ് സ്ഥാപനം അടച്ചു പൂട്ടിയത്.
എല്ലാ ശാഖകകളിൽ നിന്നും പണം ശേഖരിക്കുന്നതിന് അതാത് പ്രദേശത്തെ വനിത ജീവനക്കാരെയാണ് നിയമിച്ചിരുന്നത്. തലശേരിയിൽ എട്ടു ബിൽ കളക്ടർമാരിൽ ഏഴ് പേരും വനിതകളായി രു ന്നു. 2012 ൽ അനുഗ്രഹ ചിറ്റ്സ് എന്ന പേരിലാണ് തലശേരിയിൽ കമ്പനിയുടെ ശാഖ തുറന്നത്. പിന്നീട് ടിഎൻടി ചിറ്റ്സ് എന്ന പേരു മാറ്റം നടത്തി. ഇപ്പോൾ ധനാഞ്ജൽ എന്ന പേര് സ്വീകരിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങിയത്.
കണ്ണൂർ, വളപട്ടണം, കൂത്തുപറമ്പ് ,പയ്യന്നൂർ, ചെറുപുഴ, ആലക്കോട്, തലശേരി തുടങ്ങിയ ശാഖകൾ കേന്ദ്രീകരിച്ചാണ് കണ്ണൂർ ജില്ലയിൽ തട്ടിപ്പ് നടന്നത്. തലശേരിയിലും പരിസരത്തുമായി 700 പേർ തട്ടിപ്പിനിരയായതായാണ് പോലീസിന് ലഭിച്ചിട്ടുള്ള സൂചന. ഇതിനകം ഇരുനൂറ് പേർ പോലീസിൽ പരാതി നൽകി കഴിഞ്ഞു.കേരളത്തിൽ ആറായിരത്തിലധികം ആളുകൾ തട്ടിപ്പിനിരയായിട്ടുള്ളതായിട്ടാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
കണ്ണൂർ ജില്ലയിൽ നിന്നും 60 കോടി രൂപ തട്ടിയെടുത്തിട്ടുള്ളതായിട്ടാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിനിരയായ എരഞ്ഞോളി സുമിത് നിവാസിൽ സുബിന്റെ പരാതി പ്രകാരമാണ് തലശേരിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയതിട്ടുള്ളത്. ചിട്ടിക്കമ്പനി ഉടമകളായ നോർത്ത് പറവൂർ കുഞ്ഞിക്കായി കുറുപ്പശേരി ടെൽസൺ തോമസ് (44), സഹോദരൻ നെൽസൺ തോമസ് (42) എന്നിവരെ പ്രതി ചേർത്തു കൊണ്ട് രജിസ്റ്റർ ചെയ്ത കേസിൽ 406,420 റെഡ് വിത്ത് 34 ഐ പി സി, എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.