ഗുരുവായൂർ: വടക്കേനടയിലെ സൂര്യ മാധവം അപ്പാർട്ട്മെന്റിൽനിന്ന് ടി.എൻ.ടി കുറികന്പനിയുടെ രേഖകൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അപ്പാർട്ട്മെന്റിലെ അഞ്ചാം നിലയിലെ തുറന്ന സ്ഥലത്തെ അടച്ചുറപ്പില്ലാത്ത മുറിയിലാണ് രേഖകൾ ഉപേക്ഷിച്ചിട്ടുള്ളത്.
ചാക്കിനുള്ളിലെ കവറുകളിൽ 9000 ത്തോളം ബ്ലാങ്ക് ചെക്കുകളും 4500 ഓളം ബ്ലാങ്ക് സ്റ്റാന്പ് പേപ്പറുകളും സ്റ്റാന്പ് ഒട്ടിച്ച ബ്ലാങ്ക് വെള്ള പേപ്പറുകളുമാണ് ഉള്ളത് .അപ്പാർട്ട്മെന്റിലെ കെയർടേക്കറാണ് ചാക്കുകൾ കണ്ടത്. ടെന്പിൾ സി.ഐ. സി. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് അപ്പാർട്ടുമെന്റിലെത്തി രേഖകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനെയും അപ്പാർട്ടുമെന്റിലെ താമസക്കാരേയും ചോദ്യം ചെയ്തു വരുന്നു. നൂറ് കണക്കിന് ഇടപാടുകാർ കന്പനിയിൽ ഈടായി നൽകിയ രേഖകളാണ് ഉപേക്ഷിച്ചിട്ടുള്ളത്. സി.ഐ. സി. പ്രേമാനന്ദ കൃഷ്ണൻ, എ.എസ്.ഐ പി.എസ്.അനിൽകുമാർ സി.പി.ഒ മാരായ സഞ്ജു രവീന്ദ്രൻ, പി.വിനീത എന്നിവരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.