പി.പി. ചെറിയാൻ
കാലിഫോർണിയ: മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് സിഖുകാരെ ഒഴിവാക്കുന്ന ബില്ലിന് അനുകൂലമായി കാലിഫോർണിയയിലെ സെനറ്റർമാർ വോട്ട് ചെയ്തു. ബിൽ 21-8 വോട്ടുകൾക്കാണ് സംസ്ഥാന സെനറ്റ് പാസാക്കിയത്.
സെനറ്റർ ബ്രയാൻ ഡാലെ അവതരിപ്പിച്ച സെനറ്റ് “ബിൽ 847′ സംസ്ഥാന സെനറ്റ് പാസാക്കിയതോടെ ഇനി അസംബ്ലിയിലേക്ക് അയക്കും. മതസ്വാതന്ത്ര്യം ഈ രാജ്യത്തിന്റെ അടിസ്ഥാന അടിത്തറയാണ്. നമ്മുടെ മതം സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്.
ആ അവകാശം എല്ലാവർക്കും തുല്യമായിരിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഒരാളുടെ മത വിശ്വാസത്തെ പരിമിതപ്പെടുത്തുന്ന എല്ലാ നിയമവും അതിന് വിരുദ്ധമാണ്. ഈ രാജ്യം എല്ലാവരുടെയുമാണ് എന്ന് സെനറ്റ് ഫ്ലോറിൽ ബിൽ അവതരിപ്പിച്ച ശേഷം ഡാലെ പ്രസ്താവനയിൽ പറഞ്ഞു.
തലപ്പാവോ പട്കയോ ധരിക്കുന്നവരെ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നത് എല്ലാവരുടെയും മതസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ഒരു ലളിതമായ മാർഗമാണെന്നും സെനറ്റർ കൂട്ടിച്ചേർത്തു.