കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരേ ആരോപണം ആവർത്തിച്ച് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും കേസിൽ പ്രതികളിലൊരാളുമായ ടി.ഒ. സൂരജ്. തുക മുൻകൂർ നൽകാൻ മന്ത്രിയാണ് ഉത്തരവിട്ടതെന്നും റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപറേഷൻ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശിപാർശ ചെയ്തതെന്നുമായിരുന്നു സൂരജ് ആവർത്തിച്ചത്.
റിമാൻഡിൽ കഴിയുന്ന ടി.ഒ. സൂരജ് അടക്കമുള്ളവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്പോഴായിരുന്നു ഇതുസംബന്ധിച്ച പ്രതികരണം. മൂവാറ്റുപുഴ വിജിലൻസ് കോടതി അവധിയായതിനാൽ കൊച്ചിയിൽ നടക്കുന്ന ക്യാന്പ് സിറ്റിങ്ങിലേക്കാണു പ്രതികളെ എത്തിച്ചത്.
പ്രതികളുടെ ജാമ്യാപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മേൽപാലം നിർമിച്ച സ്വകാര്യ കന്പനിക്ക് മുൻകൂറായി പണം നൽകാൻ അനുമതി നൽകിയത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്നാണു ടി.ഒ. സൂരജ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നത്.
കേസിൽ സൂരജ് അടക്കം നാല് പ്രതികളെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഒരുതവണ ചോദ്യം ചെയ്ത ഇബ്രാഹിംകുഞ്ഞിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ കാരണങ്ങളാൽ ഇത് നീണ്ടു പോവുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഉടൻ ഉണ്ടായേക്കുമെന്നാണു സൂചന.