പെരുന്പാവൂർ: ജനവാസ മേഖലയോട് ചേർന്ന് കള്ളുഷാപ്പ് ആരംഭിക്കാനൊരുങ്ങുന്ന കെട്ടിടത്തിനുള്ളിൽ വീട്ടമ്മമാരുടെ ആത്മഹത്യാ ഭീഷണി. കള്ള് ഷാപ്പ് തുറക്കരുതെന്നാവശ്യപ്പെട്ട് മൂന്നു വീട്ടമ്മമാരാണ് കെട്ടിടത്തിനുള്ളിൽ കയറി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. രാവിലെ ഒന്‍പതരയോടെ കെട്ടിടത്തിൽ കയറിയ ഇവരെ പോലീസും അധികാരികളും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പിന്നീട് കളക്ടറുമായി ചർച്ച നടത്തി വ്യക്തമായ തീരുമാനം ഉണ്ടാക്കുന്നതുവരെ ഷാപ്പ് തുറക്കാൻ അനുവദിക്കില്ലെന്ന അധികാരികളുടെ ഉറപ്പിന്മേലാണ് ഉച്ചയോടെ ആത്മഹത്യാഭീഷണി അവസാനിപ്പിച്ച് മൂവരും കെട്ടിടത്തിനു വെളിയിൽ വന്നത്. കീഴില്ലത്തുനിന്നും മാറ്റിയ കള്ള് ഷാപ്പ് പറന്പിപീടികയിൽ തുടങ്ങാൻ തീരുമാനിച്ചതോടെ പ്രദേശവാസികൾ സമരവുമായി രംഗത്തെത്തിയിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തിൽ ഇതിനായി സമരസമിതി രൂപീകരിക്കുകയും തുടർച്ചയായ സമരം 68 ദിവസം പിന്നിടുകയും ചെയ്ത സാഹചര്യത്തിലാണ് സമരത്തിന് വഴിത്തിരിവായി ആത്മഹത്യാ ഭീഷണി. നിർമാണ പ്രവർത്തനങ്ങൾ നടന്നുവന്നിരുന്ന കെട്ടിടത്തിലേക്ക് ദേഹത്ത് പെട്രോൾ ഒഴിച്ചെത്തിയ ഇവർ കോണ്‍ക്രീറ്റ് നനയ്ക്കാൻ എത്തിയ കെട്ടിട ഉടമ പുറത്താക്കി ഷട്ടർ അടച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. സംഭവം അറിഞ്ഞ് തഹസിൽദാർ, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ് അധികൃതർ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.