പുകയില ഉപയോഗത്തിനെതിരെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആ പരസ്യം ഇനിയില്ല! ഇഷ്ടപ്പെട്ട് വരുമ്പോള്‍ പിന്‍വലിക്കുന്നത് എന്തൊരു കഷ്ടമാണെന്ന് ആരോഗ്യമന്ത്രാലയത്തോട് സോഷ്യല്‍മീഡിയ

തിയറ്ററില്‍ സിനിമ തുടങ്ങുന്നതിന് മുമ്പായി സാമൂഹ്യാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന പരസ്യമാണ് രാഹുല്‍ ദ്രാവിഡ് അവതരിപ്പിക്കുന്ന പുകവലിയ്‌ക്കെതിരായ പരസ്യം.

അതിലെ, ‘നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ട് ആവേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്’ എന്ന ഡയലോഗ് ട്രോളന്മാര്‍ വരെ ഏറ്റെടുക്കുകയുണ്ടായി. തീയേറ്ററുകളില്‍ രാഹുല്‍ ദ്രാവിഡ് ഭാഗമായ ഈ സൂപ്പര്‍ഹിറ്റ് പരസ്യം ഇപ്പോഴിതാ നിര്‍ത്താന്‍ ഒരുങ്ങുന്നു.

ഡിസംബര്‍ 1 മുതല്‍ പുതിയ പരസ്യങ്ങളാവും ഉള്‍പ്പെടുത്തുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. പുകയില നിങ്ങള്‍ക്കുണ്ടാക്കുന്ന ദൂഷ്യങ്ങള്‍, സുനിത എന്നീ പുതിയ പരസ്യങ്ങള്‍ ഉള്‍പ്പെടുത്താനാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നത്.

ഇതിന് മുമ്പ് ട്രോളന്മാര്‍ ഏറ്റെടുത്ത, ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യം പിന്‍വലിച്ചാണ് പുകയിലക്കെതിരെ വന്‍മതില്‍ തീര്‍ക്കാം എന്ന പരസ്യം തീയേറ്ററുകളില്‍ ഇടംപിടിച്ചത്. ആദ്യകാലത്ത് ഇത് പിന്‍വലിച്ചതിനെതിരെ നവമാധ്യമങ്ങളില്‍ ആളുകള്‍ അതൃപ്തി അറിയിച്ചിരുന്നു. പിന്നീട് ദ്രാവിഡിന്റെ പരസ്യം ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു.

2012ലെ പുകയില പ്രചരണ വിരുദ്ധ നിയമ ഭേദഗതി പ്രകാരമാണ് പുകയില ഉത്പന്നങ്ങള് പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലും ടിവി പ്രോഗ്രാമുകളിലും ആരംഭത്തില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ പരസ്യം പ്രദര്‍ശിപ്പിക്കണം എന്ന നിയമം വന്നിരിക്കുന്നത്.

Related posts