എല്ലാവർഷവും ഏപ്രിൽ മാസം വദനാർബുദ അവബോധ മാസമായാണ് ആചരിച്ചുവരുന്നത്. വായിലെ കാൻസർ ലക്ഷണങ്ങളെക്കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കാനും കാൻസർ സാധ്യതയുള്ളവർ ആരൊക്കെയാണ് എന്നതിനെപ്പറ്റി അറിയാനും നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം മനസിലാക്കാനും സ്ക്രീനിങ്ങിനെ പറ്റി അറിയാനും വേണ്ടിയാണ് ഈ ദിനാചരണം.
വായിലെ കാൻസർ
വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതിനെ വായിലെ കാൻസർ എന്ന് വിശേഷിപ്പിക്കുന്നു. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം )വരെയുള്ള ഭാഗങ്ങളിൽ ഉള്ള വളർച്ചകളും വായിലെ ക്യാൻസറായാണ് അറിയപ്പെടുന്നത്.
വായയുടെ പ്രധാന ഘടന
വൈദ്യശാസ്ത്രപ്രകാരം നാവ് -ചുണ്ടുകൾ -മോണയും പല്ലുകളും -കവിളിലെ തൊലി -ഉമിനീർ ഗ്രന്ഥികൾ – വായയുടെ താഴത്തെ ഭാഗം
(ഫ്ലോർ ഓഫ് ദ മൗത്ത് ) – അണ്ണാക്ക് ( ഹാർഡ് പാലറ്റ് ) – ടോൺസിൽസ് എന്നിവയാണ് വായയുടെ പ്രധാന ഘടകങ്ങൾ.
ലോകത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വായിലെ കാൻസർ രോഗികളിൽ മൂന്നിലൊന്ന് ഇന്ത്യയിലാണ്. ഇന്ത്യയിൽ മൊത്തം റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസറുകളിൽ 30% കാൻസർ വായിലെ കാൻസർ ആണ്. 2020 ലെ കണക്കുകൾ പ്രകാരം പുതിയ കേസുകളുടെ എണ്ണം 1,27600 ഉം മരണ നിരക്ക് 72,616മാണ്. ഇന്ത്യയിൽ ഓരോ ദിവസവും ഏകദേശം 350 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വായിലെ കാൻസർ പുരുഷന്മാരിലാണ് സ്ത്രീകളിലേകാൾ കൂടുതലായി കാണപ്പെടുന്നത്.
കാരണങ്ങൾ
• പലവിധത്തിലുള്ള പുകയില /വെറ്റില അടയ്ക്കയുടെ ഉപയോഗം.
• പുകയില വായയുടെ അകത്ത് വയ്ക്കുന്നത്.
• പാൻ വെറ്റിലയുടെയോ അടയ്ക്കയുടെയോ കൂടെ ഉപയോഗിക്കുന്നത്.
• മദ്യപാനം – മദ്യം കാൻസർ വരാനുള്ള സാധ്യത കൂട്ടുന്നു. മദ്യം ഉപയോഗിക്കുന്നവർക്ക് വായിലെ കാൻസർ സാധ്യത രണ്ടിരട്ടി കൂടുതലാണ്.
മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവർക്ക് വായിലെ കാൻസർ സാധ്യത നാല് മടങ്ങ് കൂടുതലാണ്.
• മൂർച്ചയുള്ള പല്ലുകൾ/ അളവ് തെറ്റിയുള്ള വെപ്പുപല്ലുകൾ.
(തുടരും)
ഡോ. ദീപ്തി ടി. ആർ.
സ്പെഷലിസ്റ്റ് ഇൻ ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ, ഓൺ ക്യുർ പ്രിവന്റീവ് ആൻഡ് ഹെൽത്ത് കെയർ സെന്റർ, കണ്ണൂർ.
ഫോൺ – 6238265965