എടപ്പാളില് ഒന്നരക്കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരം പിടികൂടി. ലോറികളില് ബിസ്കറ്റ് പാക്കറ്റുകള്ക്കിടയില് ഒളിപ്പിച്ച് കടത്തിയ പുകയില ഉത്പന്നങ്ങളാണ് എക്സൈസ് പിടികൂടിയത്.
സംഭവത്തില് പട്ടാമ്പി സ്വദേശി രമേശ്, വല്ലപ്പുഴ സ്വദേശി അലി, നെടുമങ്ങാട് സ്വദേശി ഷെമീര് എന്നിവരെ അറസ്റ്റ് ചെയ്തു.
ബംഗളൂരുവില്നിന്ന് കൊണ്ടുവന്ന പുകയില ഉത്പന്നങ്ങള് എടപ്പാള് വട്ടംകുളത്തെ ബിസ്കറ്റ് ഗോഡൗണില് ഇറക്കാന് ശ്രമിക്കുന്നതിനിടയില് എക്സൈസ് സംഘം ഇവരെ വളയുകയായിരുന്നു.
രണ്ട് ലോറികളില്നിന്നായി മൂന്നുലക്ഷത്തിലധികം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തതെന്നും കേരളത്തിലെ ഏറ്റവും വലിയ പാന്മസാല വേട്ടകളിലൊന്നാണിതെന്നും എക്സൈസ് ഉദ്യോഗസ്ഥര് പറഞ്ഞു.
എടപ്പാളില് എത്തിച്ച പുകയില ഉത്പന്നങ്ങള് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതികള് മൊഴി നല്കിയിട്ടുണ്ട്.
ഗോഡൗണിന്റെ ഉടമ വെളിയങ്കോട് സ്വദേശി ഷൗക്കത്ത് ഒളിവിലാണ്. പാന്മസാല കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന് അന്വേഷണം വ്യാപിപ്പിക്കുമെന്ന് എക്സൈസ് അറിയിച്ചു.