ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: ഭിന്നശേഷിയെ സംഗീതസാന്ദ്രമാക്കി അതിജീവനത്തിന്റെ പടവുകളിൽ പ്രതീക്ഷയുടെ പൊൻനാളങ്ങൾ തെളിച്ച് രണ്ടു ഗായകർ. ഓട്ടിസത്തെയും സെറിബ്രൽ പാൾസിയെയും പാട്ടിന്റെ പാലാഴിയാൽ വിസ്മൃതിയിലാഴ്ത്തിയ പൂജ രമേഷും ടി.എ. കിരണും സംഗീതത്തിന്റെ മാസ്മരിക വിസ്മയങ്ങളാണ്.
വർഷങ്ങളോളം ചിട്ടയായ സംഗീതപഠനത്തിലൂടെ ഇവർ തിരിച്ചുപിടിച്ചതു ശ്രുതി ചോരാത്ത മനഃസാ ന്നിധ്യം.ഓട്ടിസത്തെ തോല്പിച്ച് സംഗീതത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പൂജ ഇതിനകം 14 സംഗീതക്കച്ചേരികൾ അവതരിപ്പിച്ചു.
നിരവധി വേദികളിൽ ഓർക്കസ്ട്രയ്ക്കൊപ്പം സിനിമാഗാനങ്ങളും ലളിതഗാനങ്ങളും ആലപിച്ചു. ഒന്നരവയസുള്ളപ്പോഴാണ് പൂജയ്ക്ക് ഓട്ടിസം തിരിച്ചറിഞ്ഞത്. പിന്നീട് സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായി. പേരു വിളിച്ചാൽപോലും ശ്രദ്ധിച്ചിരുന്നില്ല.
നാലു വയസുള്ളപ്പോൾ പാട്ടുകേട്ട് ഓടിവരുന്നതു കണ്ടാണ് അതിൽ താത്പര്യമുണ്ടെന്നു തിരിച്ചറിഞ്ഞത്. പിന്നീട് ഇടയ്ക്കിടെ പാട്ടുമൂളുമായിരുന്നു. പത്തു വയസുള്ളപ്പോൾ ഡോ. കൃഷ്ണ ഗോപിനാഥിന്റെ കീഴിൽ സംഗീതം പഠിക്കാൻ ചേർത്തു.
പിന്നീട് കല പരശുറാം വീട്ടിലെത്തിയും പഠിപ്പിച്ചു. വീണയും അഭ്യസിച്ചു. 2014ലാണു മൈലിപ്പാടത്തെ ചേതന സംഗീത് നാട്യ അക്കാദമിയിൽ പാടും പാതിരി എന്നറിയപ്പെടുന്ന റവ. ഡോ. പോൾ പൂവത്തിങ്കലിന്റെ അടുത്തെത്തുന്നത്.
പോളച്ചന്റെ മ്യൂസിക് തെറാപ്പികൂടിയായപ്പോൾ പൂജയുടെ സംഗീതം ദിശമാറിത്തുടങ്ങി. ദേശമംഗലം നാരായണൻ നന്പൂതിരിപ്പാടാണു സംഗീതം അഭ്യസിപ്പിച്ചത്. റീന മുരളിയാണു സിനിമാഗാനങ്ങൾ പരിശീലിപ്പിക്കുന്നത്.
പാലസ് റോഡിൽ വൃന്ദാവൻ പാലസിൽ രമേശന്റെയും സുജാതയുടെയും ഏകമകളാണു പൂജ രമേഷ്. കുഞ്ഞുനാൾ മുതൽ സദാ കരയുന്ന കുട്ടിയായിരുന്നു കിരൺ. പാട്ടുകേട്ടാൽ കരച്ചിൽ നിർത്തും.
റേഡിയോയിലും കാസറ്റിട്ടു പാട്ടു കേൾപ്പിച്ചുമാണു കിരണിനെ വളർത്തിയത്. മൂന്നുമാസം പ്രായമുള്ളപ്പോൾ പനി ബാധിച്ചതിനെത്തുടർന്ന് മുടി മുഴുവൻ കൊഴിഞ്ഞുപോയി. തുടർന്ന് നരയ്ക്കുകയും ചെയ്തു.
നടക്കുകയോ ഇരിക്കുകയോ ചെയ്തിരുന്നില്ല. 11 വർഷം സ്വാശ്രയ സ്പെഷൽ സ്കൂളിലാണു പഠിച്ചത്. അവിടെനിന്ന് അഞ്ചു വയസുമുതൽ സംഗീതം പഠിച്ചു തുടങ്ങി.
ഏഴു വയസുമുതൽ ജയമാലിനി ടീച്ചറുടെ ശിക്ഷണത്തിലായി. സുനിൽകുമാർ വീട്ടിലെത്തിയും പഠിപ്പിച്ചിരുന്നു.നാല്, ഏഴ് തുല്യതാപരീക്ഷ പാസായിരുന്നതിനാൽ 16-ാം വയസിൽ മോഡൽ ബോയ്സ് സ്കൂളിൽ ചേർത്തു.
രണ്ടു തവണ യൂത്ത് ഫെസ്റ്റിവലിൽ ലളിതഗാനത്തിൽ ഒന്നാംസ്ഥാനം നേടി. ചേതന സംഗീത് നാട്യ അക്കാദമിയിൽ ആദ്യത്തെ ഭിന്നശേഷി വിദ്യാർഥിയായിരുന്നു കിരൺ. ബിഎ പൂർത്തീകരിച്ചവർ കച്ചേരി നടത്താൻ പ്രാപ്തരായിരിക്കണമെന്നത് ഉൾക്കൊണ്ട് അക്കാദമിയിലെതന്നെ ആദ്യത്തെ കച്ചേരി നടത്തി.
സംഗീതത്തിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയാണു കിരൺ. ചേതനയിലെ സംഗീതപഠനംകൊണ്ട് കിരണിന്റെ സ്വഭാവത്തിലും രൂപത്തിൽപോലും മാറ്റംവന്നതായി അമ്മ ടി.കെ. സജിത പറഞ്ഞു.
പൂങ്കുന്നം പോസ്റ്റ് ഓഫീസിനു സമീപം മൂകാംബിക എൻക്ലെയ്വ്സിൽ തുളുവൻപറന്പിൽ അജിത്കുമാറാണ് അച്ഛൻ. തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളജിൽ ബിടെക് വിദ്യാർഥിയായ അശ്വിൻ സഹോദരനാണ്.
ചേതന സംഗീത് നാട്യ അക്കാദമിയിൽ ന്യൂറോളജിക് മ്യൂസിക് തെറാപ്പിയിലൂടെയുള്ള സംഗീതപഠനംകൊണ്ടാണ് ഇരുവരും കൂടുതൽ മികവു നേടിയതെന്നു പൂജയുടെയും കിരണിന്റെയും മാതാപിതാക്കൾ പറഞ്ഞു.
ലോക സംഗീതദിനത്തോടനുബന്ധിച്ചു ചേതന സംഗീത് നാട്യ അക്കാദമി ഇന്നു വൈകുന്നേരം 5.30ന് തൃശൂർ റീജണൽ തിയറ്ററിൽ ഒരുക്കുന്ന ദേവവാണി ഗാനമേളയിൽ പൂജയും കിരണും ഒരുമിച്ച് ‘കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും.’ എന്ന ഗാനം ആലപിക്കുന്നുണ്ട്.
ഇവർക്കൊപ്പം ഭിന്നശേഷിക്കാരായ നിരഞ്ജൻ, എസ്. വിഷ്ണു പരശുറാം, കെ.എൻ. ബിൻസിന, അഭിരാം, ലിസ് തോംസൺ, ടി. അരുൺപ്രസാദ്, അർജുൻ, വിഷ്ണുപ്രസാദ്, മിലൻ മൈക്കിൾ, നിഹാൽ എന്നിവരും പാട്ടുകൾ പാടും.