തൃശൂര്‍: ഇന്നു രാവിലെ തിരുവമ്പാടിയുടേയും പാറമേക്കാവിന്റെയും ചമയപ്പുരകള്‍ തുറക്കും. സന്ധ്യയ്ക്ക് മൂന്നു പന്തലുകളിലും ലൈറ്റിടും. അതുകഴിഞ്ഞ് അല്പം കഴിഞ്ഞാല്‍ സാമ്പിള്‍ വെടിക്കെട്ടില്‍ തൃശൂരിന്റെ ആകാശം പൂത്തുലയും.
സാമ്പിള്‍ വെടിക്കെട്ടിനായി തേക്കിന്‍കാട് മൈതാനിയില്‍ കുഴികള്‍ കുഴിച്ചുതുടങ്ങി. കഴിഞ്ഞ രണ്ടു ദിവസമായി വൈകീട്ട് തിമര്‍ത്തു പെയ്യുന്ന മഴ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും മഴ ചതിക്കില്ലെന്ന വിശ്വാസത്തോടെ പണികളുമായി മുന്നോട്ടുപോവുകയാണ് ഇരു ദേവസ്വങ്ങളും.
സാമ്പിളിനുള്ള വെടിക്കോപ്പുകള്‍ തേക്കിന്‍കാട് മൈതാനിയില്‍ മാഗസിനില്‍ എത്തിച്ചുതുടങ്ങി.ഇന്നു രാത്രി ഏഴിന് തിരുവമ്പാടിയാണ് സാമ്പിളിന് ആദ്യം തീകൊളുത്തുക. സാമ്പിള്‍ വെടിക്കെട്ട് കാണാനും സ്വരാജ് റൗണ്ടില്‍ ആളുകളെ നിയന്ത്രിക്കും.
പാറമേക്കാവ് വിഭാഗത്തിനു കുറച്ച് ഇളവുകള്‍ നല്കി കുറുപ്പം റോഡ് ഭാഗത്ത് ആളുകളെ റോഡിലേക്കു കയറ്റി നിര്‍ത്തുമെന്ന് അധികൃതര്‍ പറഞ്ഞിട്ടുണ്ട്.
വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ ഫയർലൈനിൽ നിന്നു നിയമാനുസൃത അകലത്തിൽ മാത്രമേ കാണികളെ അനുവദിക്കൂവെന്നു സിറ്റി പോലീസ് അറിയിച്ചു.
സാമ്പിൾ വെടിക്കെട്ട് കാണാൻ റൗണ്ടിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ളതും നിർമാണത്തിലുള്ളതുമായ കൈവരികളും കോണിപ്പടികളും ഇല്ലാത്തതുമായ കെട്ടിടങ്ങളിൽ കയറരുത്.
വന്‍തിരക്കാണു സാമ്പിള്‍ വെടിക്കെട്ട് കാണാനെത്തുകയെന്നാണു പ്രതീക്ഷിക്കുന്നത്. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പി.സി. വര്‍ഗീസാണ് പാറമേക്കാവിനു വേണ്ടി വെടിക്കെട്ടൊരുക്കുന്നത്.
മുണ്ടത്തിക്കോട് സതീഷ് തിരുവമ്പാടിക്കും. തിരുവമ്പാടിയുടെ ആനചമയ പ്രദര്‍ശനം രാവിലെ ഷൊര്‍ണൂര്‍ കൗസ്തുഭം ഓഡിറ്റോറിയത്തിലും പാറമേക്കാവിന്റെ ചമയപ്രദര്‍ശനം അഗ്രശാലയിലും ആരംഭിക്കും.
സ്വരാജ് റൗണ്ടിലെ മൂന്നു പന്തലുകളുടേയും പണികള്‍ അവസാനഘട്ടത്തിലാണ്. ഇന്നു വൈകിട്ട് സാമ്പിള്‍ വെടിക്കെട്ടിനു മുന്‍പ് പന്തലുകള്‍ പ്രഭാപൂരം പൊഴിച്ച് കാഴ്ചക്കാര്‍ക്ക് കണ്ണിനു വിരുന്നൊരുക്കും.