എം.വി. വസന്ത്
തൃശുർ: കൊറോണ നിയന്ത്രണത്തിൽ തെന്നി വീണ് കള്ളുവ്യവസായം. പരന്പരാഗത തൊഴിൽ മേഖലയുടെ നിർണായക ദിനങ്ങളാണ് കടന്നു പോകന്നത്. ബാറുകൾക്ക് നിയന്ത്രണം വന്നതോടെ കള്ളുഷാപ്പ് നിയന്ത്രണ തീരുമാനവും ഉടൻ ഉണ്ടാകും.
പത്തു വർഷക്കാലത്തെ അപചയത്തിനു ശേഷം കഴിഞ്ഞ രണ്ടു വർഷമായി ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലായിരുന്നു കള്ളുവ്യവസായം. കൊറോണ നിയന്ത്രണം താത്കാലികമായി മാത്രമല്ല പരന്പരാഗത കള്ളുവ്യവസായത്തെ പൂർണമായും ഇല്ലാതാക്കും എന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്.
ബാറുകൾ അടച്ചതുപോലെ കൊറോണ വൈറസുകളുടെ സാമുഹ്യ വ്യാപനം തടയാൻ കള്ളുഷാപ്പുകളും പൂട്ടിയിടേണ്ടത് അത്യാവശ്യമാണ്. മറ്റു വ്യവസായങ്ങൾ പോലെയല്ല കള്ളുളുവ്യവസായം. കണ്ണിയൊന്നു വിട്ടു പോയാൽ വ്യവസായം പാടെ തകരും.
തെങ്ങുക കർഷകർ മുതൽ ഷാപ്പിലെ വില്പനവരെ നീണ്ടു നിൽക്കുന്ന ശൃംഖലയാണത്. ഉത്പാദന പ്രക്രിയയാണ് പ്രധാന ഘടകം. തെങ്ങിൽ നിന്നും പ്രകൃത്യാ കിട്ടുന്ന ലഹരിപാനീയമാണ് കള്ള്. ഒരു ദിവസമെന്ന സമയപരിധി കഴിഞ്ഞാൽ ഇത് ഉപയോഗിക്കാൻ കഴിയില്ല. ദിവസച്ചെത്ത് തെറ്റിയാൽ എല്ലാം താളം മറിയും.
കള്ളുചെത്ത് നിർത്തിയാൽ തൊഴിലാളികൾ മാത്രമല്ല കർഷകനും കുടുങ്ങും. കള്ളുത്പാദനം നിർത്തി ഒരു വർഷം കഴിഞ്ഞാൽ മാത്രമേ നാളികേരം വളരുള്ളു. ഇതാണ് കർഷകന് വിനയാകുന്നത്. പ്രധാന കള്ളുത് പാദന മേഖലയായ പാലക്കാട് ജില്ലയിൽ മാത്രം ആയിരത്തോളം കേരകർഷകരാണ് കള്ളുത്പാദനത്തെ ആശ്രയിച്ചു ജീവിക്കുന്നത്.
തെങ്ങൊന്നിന് 750 രൂപ ചെലവഴിച്ചാണ് ലൈസൻസികൾ തൊഴിലാളികളെ ഉപയോഗിച്ച് ചെത്ത് നടത്തി വരുന്നത്. ആറു മാസക്കാലത്തെ പാട്ടക്കാലാവധി യിരിക്കേ ചെത്തു നിന്നു പോയാൽ ഭീമമായ നഷ്ടം ഇവർക്കുണ്ടാകും. കൊറോണ ഭീതി പടരുന്ന സാഹചര്യം കണക്കിലെടുത്താൽ കുറഞ്ഞത് ആറു മാസത്തേക്ക് വ്യവസായം തളർന്നു നിൽക്കും.
നഷ്ടക്കണക്ക് ഓർമയിലുള്ളവർ വ്യവസായത്തിലേക്ക് തിരിച്ചു വരികയുമില്ല. ഫലത്തിൽ ഈ പരന്പരാഗത തൊഴിൽ മേഖല ഇല്ലാതാകുന്ന സ്ഥിതിവിശേഷമാണുള്ളത്. വ്യാജമദ്യ ദുരന്തവും തൊഴിലാളി ക്ഷാമവും കവർന്നെടുത്ത ആ പഴയ പ്രതാപകാലത്തേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നു ഈ മേഖലയിലുള്ളവർ പറയുന്നു.