ദിനേശനെ തോല്‍പ്പിക്കാനാവില്ല മക്കളേ!കള്ളുഷാപ്പ് ഒരു സുപ്രഭാതത്തില്‍ നാടന്‍ തട്ടുകടയായി; കോടതി വിധിയെ കൈപുണ്യം കൊണ്ട് തോല്‍പ്പിച്ച് ദിനേശന്‍

thattukadaഅത്തോളി: സംസ്ഥാന പാതയോരത്തെ ഷാപ്പുകള്‍ പൂട്ടിയതോടെ ഇത് ഉപജീവനമാക്കിയ പലരുടെയും കഞ്ഞികുടി മുട്ടി. എന്നാല്‍ 30 വര്‍ഷമായി പ്രവര്‍ത്തിച്ചു വന്ന പൂളാടിക്കുന്ന് ജംഗ്ഷനു സമീപത്തെ എരഞ്ഞിക്കല്‍ ഷാപ്പ് ഒറ്റയടിയ്ക്ക് പൂട്ടാന്‍ ദിനേശന്റെ മനസ്സനുവദിച്ചില്ല. പക്ഷെ കോടതി വിധി എതിരാണല്ലോ. അപ്പോഴാണ് ദിനേശന്റെ തലയില്‍ ബുദ്ധിയുദിച്ചത്. അതോടെ ദിനേശന്റെ ഷാപ്പ് ഒറ്റരാത്രി കൊണ്ട് നാടന്‍ തട്ടുകടയായി രൂപാന്തരം പ്രാപിച്ചു. ഷാപ്പായിരുന്ന കാലത്ത് തന്നെ ഇവിടുത്തെ ഭക്ഷണവിഭവങ്ങളും മത്സ്യക്കറികളും ഏറെ പ്രസിദ്ധമായിരുന്നു.

പണ്ടേ ഭക്ഷണത്തിനു വേണ്ടി മാത്രം അനധവധിയാളുകളായിരുന്നു ഷാപ്പിലെത്തിയിരുന്നത്. ആ വിശ്വാസമാണ്് 18 വര്‍ഷമായി ഷാപ്പില്‍ ഭക്ഷണമൊരുക്കിയ ദിനേശന് നാടന്‍ ഹോട്ടല്‍ തുടങ്ങാന്‍ ധൈര്യം നല്‍കിയത്. ഞണ്ടുകറിയും പുഴമത്സ്യ വിഭവങ്ങള്‍ക്കുമായിരുന്നു ഏറെ പ്രിയം. അതു കൊണ്ടു തന്നെ ഷാപ്പിലെ കറികള്‍ എന്നു പറഞ്ഞു തന്നെയാണ് വില്‍പ്പന. ഞണ്ടിനെ കൂടയില്‍ വളര്‍ത്തി ആവശ്യക്കാര്‍ക്ക് അപ്പപ്പോള്‍ തന്നെ പാകം ചെയ്തു നല്‍കുകയാണിവിടുത്തെ രീതി.

ദിനേശന്‍ എരഞ്ഞിക്കലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ഷാപ്പ് ആര് നടത്തിയാലും അവിടുത്തെ ഭക്ഷണം വിതരണം ചെയ്തിരുന്നത് സിനിമ – സീരിയല്‍ നടന്‍ കൂടിയായ ദിനേശനായിരുന്നു. വിവിധ കുക്കറി ഷോകളിലും ദിനേശന്റെ പാചക വൈദഗ്ദ്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പാതി വേവിച്ചു സൂക്ഷിച്ചു വയ്ക്കുന്ന രീതിയില്‍ നിന്നു മാറി അപ്പപ്പോള്‍ പാകം ചെയ്യുന്ന രീതിയാണ് ഇവിടുത്തെ പ്രത്യേകതയെന്ന് ദിനേശന്‍ പറയുന്നു. തൊട്ടടുത്ത വെങ്ങളം എന്‍.എച്ച് ബൈപാസില്‍ നിന്നും 500 ലധികം മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ ഷാപ്പിനെ സംസ്ഥാന പാതയില്‍ നിന്നുള്ള ദൂരപരിധിയില്‍ നിന്നും ഒഴിവാക്കാനാവശ്യപ്പെട്ട് ഷാപ്പുടമകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്തായാലും ദിനേശന്റെ നാടന്‍ തട്ടുകടയില്‍ ഇപ്പോള്‍ നല്ല തിരക്കാണ്.

Related posts