തൃശൂർ : പതിനഞ്ചുകാരിക്കും ആൺസുഹൃത്തിനും കള്ളു നൽകിയതിനു ലൈസൻസ് സസ്പെൻഡ് ചെയ്ത കള്ള് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഷാപ്പ് ഉടമയോടും മാനേജരോടും എക്സൈസ് വിശദീകരണം ആവശ്യപ്പെട്ടു.
ഇവർ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കഴിഞ്ഞദിവസം എക്സൈസ് കമ്മിഷണർ ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.
പ്രായപൂർത്തിയാകാത്ത വ്യക്തിക്കു മദ്യം വിൽക്കരുതെന്ന അബ്കാരി ചട്ടം ലംഘിച്ചെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. ഷാപ്പ് മാനേജരെയും പതിനഞ്ചുകാരിയുടെ ആൺസുഹൃത്തിനെയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന ഇവർ ഒരാഴ്ച മുന്‍പാണു പുറത്തിറങ്ങിയത്.
ഈ മാസം രണ്ടിന്ന് തമ്പാൻകടവു കള്ളുഷാപ്പിലായിരുന്നു സംഭവം. വൈകുന്നേരം ബീച്ച് കാണാനെത്തിയ നന്തിക്കര സ്വദേശികളായ പതിനഞ്ചുകാരിയും ആൺസുഹൃത്തും ഷാപ്പിൽ കയറി മദ്യപിച്ചു.
ലഹരിയിൽ സ്നേഹതീരം ബീച്ചിൽ കറങ്ങിനടക്കുന്നതിനിടെ പോലീസ് തടഞ്ഞുനിർത്തി വിവരം തിരക്കി.പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നു വ്യക്തമായതോടെ മൂന്നിന് ആൺസുഹൃത്തിനെയും ഷാപ്പ് മാനേജരെയും ചോദ്യംചെയ്യലിനായി വിളിപ്പിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തി.
പെൺകുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. എഫ്ഐആറിന്റെ പകർപ്പുസഹിതം പൊലീസ് എക്സൈസിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്വമേധയാ കേസെടുക്കുകയും തുടർനടപടി സ്വീകരിക്കുകയുമായിരുന്നു.